കൊച്ചി: കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്) നടത്തിയ ഏവിയേഷൻ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാഡമിക്ക് റാങ്ക് നേട്ടം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്‌ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് എന്നീ കോഴ്സുകളിലാണ് വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കിയത്. പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചപ്പോൾ അഞ്ച് പേർ റാങ്കും കരസ്ഥമാക്കി.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ് കോഴ്‌സിൽ പ്രണോയ് അഗസ്റ്റിൻ ഫ്രാൻസിസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. വൈഷ്ണവ്.വി. കമ്മത്തും അയൂബ് അഷ്‌റഫും രണ്ടാം റാങ്ക് പങ്കിട്ടു.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്‌ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് കോഴ്‌സിൽ കോട്ടയം രാമപുരം സ്വദേശി അഗസ്റ്റിൻ ജേക്കബ് ഒന്നാം റാങ്ക് നേടി. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ അമൽ ചന്ദ്രൻ കെ. രണ്ടാം റാങ്കിന് അർഹനായി.