കൊച്ചി: ജീവനക്കാരിക്കുനേരെ ലൈംഗികഅതിക്രമം നടത്തിയെന്ന കേസിൽ ഐ.ടി സ്ഥാപനഉടമയും കാക്കനാട് സ്വദേശിയുമായ വേണുഗോപാലകൃഷ്ണനും സ്ഥാപനത്തിലെ രണ്ട് ജീവനക്കാരും സ്വതന്ത്ര ഡയറക്ടറും മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു. ജീവനക്കാരായ ജേക്കബ് പി.തമ്പി, എബി പോൾ,സ്വതന്ത്ര ഡയറക്ടറായ ബിമൽരാജ് ഹരിദാസ് എന്നിവരാണ് മുൻകൂർ ജാമ്യം തേടിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്റെ വിശദീകരണം തേടി. ഹർജി വീണ്ടും പരിഗണിക്കുന്ന 13 വരെ രണ്ടുമുതൽ നാലുവരെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വിലക്കി. എന്നാൽ വേണുവിന്റെ അറസ്റ്റ് വിലക്കിയിട്ടില്ല.
ജീവനക്കാരിയുടെ പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. കാക്കനാട് സ്മാർട്ട് സിറ്റിയിൽ ലിറ്റ്മസ് 7 എന്ന ഐ.ടി കമ്പനി നടത്തുന്ന വേണുവിനെതിരെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയാണ് ലൈംഗികാതിക്രമത്തിനെതിരെ പരാതി നൽകിയത്. മറ്റുള്ളവർ യുവതിയെ പരാതി പറയാതിരിക്കാനായി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
പരാതിക്കാരിയും ഭർത്താവും ചേർന്ന് 30കോടിരൂപ തട്ടിയെടുക്കാനായി ഹണിട്രാപ്പിൽ പെടുത്താൻ ശ്രമിക്കുന്നുവെന്ന പരാതി നൽകുകയും ഇതിൽ ഇരുവരേയും എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ലൈംഗികാതിക്രമ പരാതി ഉന്നയിക്കുന്നതെന്നാണ് ഹർജിയിൽ വിശദീകരിക്കുന്നത്.