കൊച്ചി: വില്പനയ്ക്കായി എത്തിച്ച കാൽകിലോ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. എറണാകുളം ഐ.ജി.എം പബ്ലിക് സ്‌കൂളിനു സമീപം കണ്ണാമ്പള്ളി ആൽഫ്രിൻ.കെ.സണ്ണിയെയാണ് (27) നാർക്കോട്ടിക് സെൽ എസി കെ.ബി. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 277. 21 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.


അൽഫ്രിനും സുഹൃത്ത് എളമക്കര സ്വദേശി സച്ചിനും ചേർന്ന് ബംഗളൂരുവിൽ നിന്ന് വൻ തോതിൽ എം.ഡി.എം.എ കൊച്ചിയിലേക്ക് എത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ നാളുകളായി നാർക്കോട്ടിക് സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു.

ചൊവ്വാഴ്ച രാത്രി ഇയാളുടെ വീടിനു സമീപത്തുനിന്നാണ് ആൽഫ്രിനെ പിടികൂടിയത്. അവിടെ പാർക്ക് ചെയ്തിരുന്ന ഇയാളുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ പുറകിലെ ഡോറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. കൂട്ടാളി സച്ചിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ പാലാരിവട്ടം പൊലീസിനു കൈമാറി.