mk-sanu

പെരുമഴ പെയ്‌തൊഴിഞ്ഞ 'സന്ധ്യയിൽ" ആളും ആരവവുമില്ലാതെ മലയാളത്തിന്റെ 'ഗുരുസാഗരം" ഓർമ്മകളായി തിരതല്ലുന്നു. പ്രിയപ്പെട്ട കസേരയിൽ, മഴവിൽ വർണമുള്ള ഒരുപിടി ജമന്തിപ്പൂക്കൾക്കു നടുവിൽ വെറുമൊരു ഛായാചിത്രമായി ഒതുങ്ങുമ്പോഴും പ്രിയപ്പെട്ടവരെ നോക്കി സാനുമാഷ് ചെറുചിരിയോടെ നിശബ്ദമായി പറയുന്നു- അതിന് ഞാനെങ്ങും പോയില്ലല്ലോ! ചുറ്റുമുള്ള പുസ്തകക്കൂനകളിൽ നിന്നുയരുന്ന അക്ഷരങ്ങളുടെ സാന്ത്വന മർമരം അതേറ്റുപറയുന്നു.

ലാളിത്യത്തിന്റെ ഔന്നത്യത്തിൽ നിന്ന് തലമുറകൾക്ക് അക്ഷരാമൃതം പകർന്ന മാഷിനെങ്ങനെ പോകാനാകും?​എല്ലാം ഒരു നിയോഗമാണെന്ന് അറിയുന്നയാൾ ഒരിക്കലും മരണത്തെ പൂർണവിരാമമായി കണ്ടിരുന്നില്ല. തൊണ്ണൂറ്റിയേഴാം വയസിൽ പടിയിറങ്ങും മുൻപ് ജീവിതത്തിൽ അവസാനമായി മാഷ് കുറിച്ചിട്ടതിന്റെ തുടക്കം ഇങ്ങനെ-'പലതും യാദൃച്ഛികമായി സംഭവിക്കുന്നു. ജീവിതഗതിയിൽ അവ മാറ്റം വരുത്തും. നിർണായകമായ മാറ്റങ്ങൾ. ആ മാറ്റങ്ങളെപ്പറ്റി വിധി എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഭാഗ്യം, നിർഭാഗ്യം എന്നും മറ്റും നാം പറയുന്നത് ആ മാറ്റങ്ങളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ്."
'രമ്യഭൂഭാഗ ഭംഗിയിൽ രമിക്കുന്ന മനസ് സങ്കടത്തിലേക്കു നിപതിക്കുന്നത് പെട്ടെന്നാണ്..." എന്നെഴുതിയാണ് നാല് ഖണ്ഡിക മാത്രമുള്ള ആ ചെറുകുറിപ്പ് അവസാനിക്കുന്നത്. എഴുതിത്തുടങ്ങിയ ലേഖനം എന്തിനെക്കുറിച്ചാണെന്നു മക്കൾക്ക് അറിയില്ല. ചോദിക്കാതെ തന്നെ എഴുത്തിനെക്കുറിച്ച് പറയാറുള്ളയാൾ ആദ്യമായി പതിവു തെറ്റിച്ചു. കാലത്തിനു മുൻപേ നടന്ന മാഷ്, മരണവുമായി സംവദിച്ചതാകാം. 'കൊതിതീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ..." എന്നു പാടിയ വയലാറും,​ കാവ്യനർത്തകിയെ പ്രണയിച്ച ചങ്ങമ്പുഴയും അദ്ദേഹത്തിനു പ്രിയപ്പെട്ടവരായിരുന്നു.

അറം പറ്റിയ കുറിപ്പ്

ചങ്ങമ്പുഴയുടെ ഹൃദയത്തിൽനിന്ന് ആരാധക മനസുകളിലേക്ക് ആഴത്തിൽ പരന്നൊഴുകിയ ഉന്മാദഭാവനകളെ കാൽച്ചിലങ്കയണിയിച്ചതും സാനുമാഷ് തന്നെ. അദ്ദേഹത്തിന്റെ,​ 'ചങ്ങമ്പുഴ,​ നക്ഷത്രങ്ങളുടെ സ്നേഹഭാജനം" എന്ന പുസ്തകത്തിൽ ചങ്ങമ്പുഴ കാലാതീതമായി ഒഴുകുന്നു. ജീവിതത്തിലേക്കു തിരിച്ചുവരാൻ ആഗ്രഹിച്ച അദ്ദേഹം അറം പറ്റിയതുപോലെ എഴുതിയതു വായിച്ച് പ്രിയപ്പെട്ടവർ വിതുമ്പുന്നു. ജൂലായ് 24-നു രാവിലെ പതിനൊന്നരയോടെയാണ് അദ്ദേഹം അവസാന കുറിപ്പെഴുതിയത്. വീണു പരിക്കേറ്റത് അന്നു രാത്രിയിൽ.

എഴുതാൻ ഒരുപാട് ബാക്കിവച്ചായിരുന്നു പടിയിറക്കം. ഗുരുദേവ ശിഷ്യനായ സ്വാമി ആനന്ദതീർത്ഥരെക്കുറിച്ച് ഒരു പുസ്തകം പൂർത്തിയാക്കിയിരുന്നു. ചില മിനുക്കുപണികൾ കൂടിയുണ്ടെന്ന് മക്കളോടു പറഞ്ഞു. മഹാകവി ഉള്ളൂരിനെക്കുറിച്ച് എഴുതിത്തുടങ്ങിയിരുന്നു. നാടകത്തെയും ചിത്രങ്ങളെയും ശില്പങ്ങളെയും കുറിച്ച് പുസ്തകങ്ങൾ എഴുതാൻ ആഗ്രഹിച്ചിരുന്നു. ചിത്രങ്ങളെയും ശില്പങ്ങളെയും പ്രണയിച്ചിരുന്നയാൾ ഒരുപാട് ഇഷ്ടങ്ങൾ ബാക്കിയാക്കിയാണ് കടന്നു പോയത്.

ഇടുപ്പെല്ലിലെ ശസ്ത്രക്രിയയ്ക്കു ശേഷം, മക്കളായ എം.എസ്. രഞ്ജിത്തിന്റെയും എം.എസ്. ഹാരിസിന്റെയും തോളത്തുപിടിച്ച് നടന്നുതുടങ്ങിയ മാഷ് വീട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയ അദ്ദേഹത്തിന് അവസാനം വരെ എല്ലാം ഓർമ്മയുണ്ടായിരുന്നെന്ന് മക്കളായ എം.എസ്. രേഖയും ഡോ. എം.എസ്. ഗീതയും പറഞ്ഞു. അസ്വസ്ഥതയുണ്ടാക്കുന്ന ഓക്‌സിജൻ മാസ്‌ക് മാറ്റാൻ പറയുമായിരുന്നു. വീട്ടിൽ പോകാൻ വണ്ടി കൊണ്ടുവന്നിട്ടില്ലേയെന്നും ചോദിച്ചിരുന്നു. ഐ.സി.യുവിലെ ഒറ്റപ്പെടലും മാസ്കിന്റെ മറയും ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ, ആരോടും തോറ്റിട്ടില്ലാത്ത മാഷിനു മുന്നിൽ അകന്നുനിന്ന മരണം ഒടുവിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

തുറന്നിട്ട വാതിൽ

തിരക്കൊഴിയാതിരുന്ന എറണാകുളം കാരിക്കാമുറിയിലെ വസതിയായ 'സന്ധ്യയിൽ" മക്കളും മരുമക്കളും കൊച്ചുമക്കളുമാണ് കഴിഞ്ഞദിവസം ഉണ്ടായിരുന്നത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും സ്വീകരിക്കുകയും അവരോടൊപ്പം പോവുകയും ചെയ്തിരുന്ന മാഷ്, നൂറിലേക്ക് അടുക്കുമ്പോഴും ചെറുപ്പമായിരുന്നു. ഒരസുഖവും ഉണ്ടായിരുന്നില്ല. പ്രായം മറച്ചുവച്ച് അപേക്ഷിച്ചാൽ, തന്റെ സ്ഥാപനത്തിൽ അപ്പൂപ്പന് ജോലികിട്ടുമെന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ കൊച്ചുമകൻ മെഡിക്കൽ റിപ്പോർട്ട് വായിച്ച് പറഞ്ഞതുകേട്ട് മാഷ് കുട്ടികളെപ്പോലെ പൊട്ടിച്ചിരിച്ചത് മക്കൾ ഓർമ്മിക്കുന്നു. ശിഷ്യരായ ആയുർവേദ-ഹോമിയോ ഡോക്ടർമാർ കൊണ്ടുവരുന്ന ലേപനങ്ങൾ ആസ്വദിച്ചു പുരട്ടി അഭിമാനത്തോടെ പറയുമായിരുന്നു, 'എന്റെ പിള്ളേര് കൊണ്ടുവന്നതാ...!" ഏതാനും മാസങ്ങളായി ഉറക്കക്കുറവ് ഉണ്ടായിരുന്നതിനാൽ ഗുളിക കഴിക്കുമായിരുന്നു.

രാവിലെ ആറുമണിയോടെ ഉണർന്നാൽ പ്രകൃതിയെ നോക്കി അല്പസമയം. പിന്നെ, ഗുരുദേവന്റെ വലിയ ഛായാചിത്രത്തിൽ തൊട്ടുതൊഴുത് ചെറിയ വ്യായാമം. വീടിന്റെ ഇടനാഴിയിൽ നടക്കുമ്പോഴായിരുന്നു ആലോചന. നടപ്പിനിടെ ചിരിക്കുന്നതും ചിന്തിക്കുന്നതും സംസാരിക്കുന്നതും കാണാം. ഒരു ദിവസം പലപ്പോഴായി മൂന്നു മണിക്കൂറെങ്കിലും നടക്കും. മനസിൽ തെളിയുന്നതൊക്കെ ഉടൻ കടലാസിൽ പകർത്തും. കൈകൾ വഴങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും എഴുതണമെന്നു നിർബന്ധമുണ്ടായിരുന്നു.
ഊണുമേശയിലെ ഇടത്തേയറ്റത്തെ കസേരയായിരുന്നു ഇഷ്ട ഇരിപ്പിടം. ഊണും എഴുത്തുമെല്ലാം അവിടെ. ഒരു കാര്യത്തിനും ആരെയും ആശ്രയിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ഷേവ് ചെയ്യാൻപോലും ആരുടെയും സഹായം തേടില്ല. രണ്ടു ദിവസം കൂടുമ്പോൾ വളരെ സമയമെടുത്ത് തനിയെ ചെയ്യും.

ഇത്തിരി മീൻകറി
ഒന്നിനോടും നിർബന്ധം ഉണ്ടായിരുന്നില്ലെങ്കിലും ഊണിന് അല്പം മീൻകറി വലിയ ഇഷ്ടമായിരുന്നു. പിന്നെ അവിയലും. രണ്ടോ മൂന്നോ സ്പൂൺ ചോറും കൂടുതൽ പച്ചക്കറിയും കഴിക്കുന്നതായിരുന്നു ശീലം. ഒരു ഗ്ലാസ് മോരു കുടിക്കും. ദോശയും മീൻകറിയും വലിയ ഇഷ്ടമായിരുന്നെന്ന് ട്രിവാൻഡ്രം ക്ലബിലെ പഴയ പാചകക്കാർ പറയുമായിരുന്നു. എഴുത്തുപോലെ ആസ്വദിച്ചായിരുന്നു ഊണ്. പിന്നെ അരമണിക്കൂർ ഉറക്കം. ഊണായാലും ഉറക്കമായാലും എഴുത്തായാലും പൂർത്തിയാക്കും മുൻപേ സന്ദർശകരെത്തും. ആരെയും വിഷമിപ്പിക്കില്ല. കാണാനെത്തുന്നവരെയെല്ലാം ശിഷ്യരായി കരുതി.

ഈശ്വരൻ നൽകിയ അക്ഷരഭിക്ഷ അഹങ്കാരമായി കൊണ്ടുനടക്കരുതെന്ന് പറയുമായിരുന്നു. ശിഷ്യരെ മക്കളായി കണ്ടു. മഹാരാജാസിൽ സാനുമാഷിന്റെ ക്ലാസിൽ ഇരിക്കാൻ മറ്റു കോളേജിൽ നിന്നു കൂടി കുട്ടികൾ എത്തുമായിരുന്നു. ശിഷ്യർ തേടിയെത്തുന്നതാണ് അദ്ധ്യാപകന്റെ ഏറ്റവും വലിയ ഭാഗ്യമെന്നു വിശ്വസിച്ചു. മരണം വരെ അങ്ങനെതന്നെയായിരുന്നു. അച്ഛനെ സാഹിത്യലോകം സ്വന്തമാക്കിയപ്പോൾ തങ്ങൾക്കു കിട്ടിയ വാത്സല്യം കുറഞ്ഞുപോയെന്നൊരു സങ്കടം മക്കൾക്കുണ്ട്. പക്ഷേ,​ തിരക്കിനിടയിലും മക്കളുടെ കാര്യങ്ങൾക്ക് കുറവു വരുത്തിയില്ല. ശാഠ്യങ്ങളോ ദേഷ്യപ്പെടലോ ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ല. തെറ്റു കണ്ടാൽ സാവകാശം പറഞ്ഞു ബോദ്ധ്യപ്പെടുത്തും. ഭാര്യ മരിച്ചപ്പോൾ തകർന്നുപോയെങ്കിലും ആർക്കും ബാദ്ധ്യതയാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. എഴുത്തിലും പ്രഭാഷണങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

മൊബൈൽ ഫോണിൽ പേരും നമ്പരും സേവ് ചെയ്യില്ലായിരുന്നു. അടുപ്പമുള്ളവരുടെയെല്ലാം നമ്പർ മന:പാഠമാക്കി. ഓർമ്മകൾക്ക് കരുത്തുപകരാനാണ് ഇതെന്ന് തമാശയായി പറയുമായിരുന്നു. കാഴ്ചക്കുറവ് അലട്ടിയപ്പോൾ,​ പ്രായമായവർക്കുള്ള വലിയ ഫോൺ മകൻ വാങ്ങി നൽകി. മൊബൈൽ എവിടെയും കൊണ്ടുപോകില്ല. ആരെയെങ്കിലും വിളിക്കണമെന്നു തോന്നിയാൽ,​ അടുത്തിരിക്കുന്നയാൾക്ക് നമ്പർ പറഞ്ഞുകൊടുത്ത് അവരുടെ ഫോണിൽ വിളിക്കും. അതുകൊണ്ടുതന്നെ,​ അച്ഛൻ വിളിച്ചിരുന്നത് പല നമ്പരുകളിൽനിന്നാണെന്ന് മക്കൾ പറയുന്നു. പരിചയമില്ലാത്ത നമ്പർ കണ്ടാൽ ഉറപ്പിക്കാം,​ അച്ഛൻ തന്നെ.