അങ്കമാലി: അങ്കമാലി നഗരത്തിലെ ക്യാമ്പ് ഷെഡ് റോഡിന് സമീപത്തെ മൃഗാശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മുയൽ
ഫാമിന്റെ ചുറ്റുമതിൽ പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചുറ്റുമതിലിന്റെ അടിവശം ആകെ തകർന്ന നിലയിലാണ്. 10 അടിയോളും ഉയരമുള്ള മതിൽക്കെട്ട് ഏതു സമയവും നിലംപൊത്തിയേക്കാം. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് മുയൽ ഫാം പ്രവർത്തിക്കുന്നത്. മതിലിന്റെ എതിർ ഭാഗം കോതകുളങ്ങര ഗവ. എൽ.പി സ്കൂളാണ്. ദേശീയപാതയിൽ വാഹന കുരുക്ക് വരുമ്പോൾ പട്ടണത്തിൽ പ്രവേശിക്കുന്നതിനുള്ള എളുപ്പവഴിയുടെ സമീപത്താണ് മുയൽ വളർത്തൽകേന്ദ്രം. ബി കോളനി നിവാസികളും പവിഴ പൊങ്ങ്, കോതകുളങ്ങര ഭാഗത്തുള്ളവരും ടൗണിലേക്ക് പോകുന്ന തിരക്കേറിയ വഴിയുടെ അരികിലാണ് ഏതു സമയത്തും നിലംപൊത്താറായി നിൽക്കുന്ന മതിലുള്ളത്. ഒരു ദുരന്തം സംഭവിക്കുന്നതിന് മുമ്പ് ചുറ്റുമതിലിന്റെ ഇടിഞ്ഞതും ഇടിയാൻ സാദ്ധ്യതയുള്ളതുമായ ഭാഗങ്ങൾ ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തിൽ ഫാമിന്റെ ഉടമസ്ഥാവകാശമുള്ള എറണാകുളം ജില്ലാ പഞ്ചാത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
നഗരസഭ വഴി ജില്ലാ പഞ്ചായത്തിന് ഫോട്ടോ സഹിതം പരാതി കൊടുത്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയറുമായും
ജില്ല പ്രസിഡന്റുമായും ബന്ധപ്പെട്ടിട്ടുണ്ട്
റീത്തപോൾ
വാർഡ് കൗൺസിലർ.
സങ്കേതിക കാരണങ്ങൾ പറഞ്ഞു താമസം വരുത്താതെ മതിൽ പുനർനിർമ്മിച്ച് അപകട സ്ഥിതി ഒഴിവാക്കണം. ചുറ്റുമതിലിന്റെ നിലവിലെ അവസ്ഥ ജില്ലാ മൃഗസംരക്ഷണ ഓഫീസറെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് കെ.കെ. സലി
വാർഡ് മുൻ കൗൺസിലർ