eldo
ഇന്നലെ തൃക്കളത്തൂർ പള്ളിത്താഴത്തുണ്ടായ വാഹനാപകടം

മൂവാറ്റുപുഴ: കക്കടാശേരി - കാളിയാർ, മൂവാറ്റുപുഴ - തേനി, എം.സി റോഡുകളിൽ നിത്യേന ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ അധികാരികൾ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. റോഡ് ഉന്നത നിലവാരത്തിലാക്കിയതിന് ശേഷം 2 വർഷത്തിനിടെ നൂറിലധികം വാഹനാപകടങ്ങൾ ഉണ്ടായി. ആയങ്കരയിൽ ഓട്ടോയും ബസും തമ്മിൽ കൂട്ടിമുട്ടി 2 പേരും ആയവന കടുംപിടിയിൽ കാറും ബൈക്കും തമ്മിൽ ഇടിച്ച് ഒരു യുവാവും കടവൂരിൽ റോഡ് മുറിച്ച് കടന്ന വിദ്യാർത്ഥി കാർ മുട്ടിയും പുന്നമറ്റത്ത് ഇലക്ട്രിക് പോസ്റ്റിൽ ബൈക്ക് ഇടിച്ച് എം.വി.ഐ.പി ജീവനക്കാരനും മരിച്ചത് അടുത്ത നാളുകളിലാണ്. ഓഗസ്റ്റ് 6 ന് വൈകിട്ട് വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർത്ഥി കാശിനാഥൻ കല്ലൂർക്കാട് കോടക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ് വാൻ മുട്ടി മരിച്ചത് നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. കൊച്ചി - മധുര റോഡിൽ മേക്കടമ്പിൽ പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചതും കഴിഞ്ഞ ദിവസമാണ്. ഏറ്റവും അവസാനം ഇന്നലെ എം.സി.റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്ത് ഉണ്ടായ അപകടത്തിൽ ആളപായം ഉണ്ടായില്ലെന്നത് ആശ്വാസമാണ്.

കക്കടാശേരി - കാളിയാർ റോഡിൽ അപകടം വരുത്തിവയ്ക്കുന്ന വിധം റോഡിന്റെ മദ്ധ്യഭാഗത്ത് നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തത് അധികാരികളുടെ അനാസ്ഥ.

ബി.എം ബി.സി. റോഡിന്റെ പലഭാഗത്തും വാട്ടർ അതോറിട്ടി നിർമ്മാണ പ്രവൃത്തികൾ കാരണം രൂപപ്പെട്ട് കുഴികൾ അപകടം വിളിച്ചുവരുത്തുന്നു.

യാത്രക്കാർക്ക് ബോദ്ധ്യമാകും വിധം അപകട സൂചന ബോർഡുകൾ, സീബ്രാ ലൈനുകൾ, റിഫ്ളക്ടറുകൾ, ഡിവൈഡറുകൾ എന്നിവ സ്ഥാപിക്കാത്തത് അപകടസാദ്ധ്യത കൂട്ടുന്നു.

റോഡ് നിർമ്മാണത്തിന് മുമ്പ് പുറമ്പോക്ക് ഭൂമി കണ്ടെത്തി ഉപയോഗപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായി.

കക്കടാശേരി പാലത്തിന്റെ വശങ്ങളിൽ കാൽനടയാത്രക്കാർക്ക് വേണ്ടി നിർമ്മിക്കാൻ ഉദ്ദേശിച്ച സ്റ്റീൽ ബ്രിഡ്ജ് പദ്ധതി ഒഴിവാക്കിയത് ഗുരുതര വീഴ്ചയായി

വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന പോത്താനിക്കാട്, പൈങ്ങോട്ടൂർ , കടവൂർ കവലകളിൽ ട്രാഫിക് പൊലീസ് സേവനം കാര്യക്ഷമമാക്കണം. റോഡിന്റെ നിർമ്മാണത്തിലെ അപാകത പരിഹരിക്കാൻ വിദഗ്ദ്ധ സംഘം പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം

എൽദോ എബ്രഹാം

മുൻ എം.എൽ.എ