കാക്കനാട്: ജില്ലയിലെ ജനങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ മുന്നിലുണ്ടാകുമെന്ന് പുതിയ ജില്ലാ കളക്ടർ ജി.പ്രിയങ്ക പറഞ്ഞു. എൻ.എസ്.കെ.ഉമേഷിൽ നിന്ന് പദവി ഏറ്റെടുത്തു. പാലക്കാട് കളക്ടർ സ്ഥാനത്തു നിന്നുമാണ് പ്രിയങ്ക എറണാകുളത്തേക്കെത്തുന്നത്.
കർണാടക സ്വദേശിയായ പ്രിയങ്ക ഐ.എ.എസിൽ 2017 ബാച്ച് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കളക്ടർ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിത ശിശുക്ഷേമ ഡയറക്ടർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. എൻജിനിയറിംഗ് ബിരുദധാരിയാണ്. പബ്ലിക് മാനേജ്മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രിയങ്കയെ സ്വീകരിച്ചു. തുടർന്ന് ചേംബറിലെത്തി ചുമതലയേറ്റെടുത്തു. ആന്റണി ജോൺ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.