കൊച്ചി: അപകടാവസ്ഥയിലായ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡ് പൊളിച്ചുമാറ്റുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തതിന് ഗതാഗതമന്ത്രി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ആം ആദ്മി പാർട്ടി പൊലീസിന് പരാതി നൽകി. എ.എ.പി സംസ്ഥാന സെക്രട്ടറി ഷക്കീർ അലിയാണ് ജീവൻ അപകടത്തിലാക്കൽ, നിയമം പാലിക്കാത്ത ഉദ്യോഗസ്ഥർ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. മന്ത്രി കെ.ബി. ഗണേശ്‌കുമാറിന് പുറമെ ടി.ജെ. വിനോദ് എം.എൽ.എ, ഗതാഗതവകുപ്പ് സെക്രട്ടറി കെ. വാസുകി, ഗതാഗത കമ്മിഷണർ പി.എസ്. പ്രമോദ് ശങ്കർ, ജില്ലാ കളക്ടർ, ഡെവലപ്മെന്റ് കമ്മിഷണർ, സ്‌മാർട്ട്സിറ്റി സി.ഇ.ഒ എന്നിവരും എതിർകക്ഷികളാണ്.
ജൂൺ 2024ൽ മന്ത്രി കെ.ബി. ഗണേശ്കുമാറും വ്യവസായമന്ത്രി പി. രാജീവ് ഉൾപ്പെടെ പങ്കെടുത്ത ഉന്നതതലയോഗത്തിൽ ബസ് സ്റ്റാൻഡ് ഉടൻ പൊളിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ലെന്ന് പരാതിയിൽ പറയുന്നു. നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഷക്കീർ അലി പറഞ്ഞു.
ആവശ്യങ്ങൾ
1 ഗതാഗതമന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം
2 അപകടാവസ്ഥയിലായ ബസ് സ്റ്റാൻഡ് താത്കാലികമായി അടയ്ക്കണം
3 സാങ്കേതിക വിദഗ്ദ്ധസംഘം കെട്ടിടസുരക്ഷ പരിശോധിക്കണം
4 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം