ആലുവ: ജീവിതാവസാനം വരെ ശ്രീനാരായണ ദർശനം മുറുകെ പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പ്രൊഫ. എം.കെ. സാനുവിന് ആലുവ അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തിൽ സ്മാരകം നിർമ്മിക്കും. ശ്രീനാരായണ ഗുരുദേവൻ ധ്യാനം ഇരിക്കാൻ തിരഞ്ഞെടുത്ത തോട്ടുമുഖം വാത്മീകി കുന്നിൽ ശ്രീനാരായണ ഗുരു വിശ്വശാന്തി നികേതന് സമീപമാണ് സ്മാരകമെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ 'കേരളകൗമുദി'യോട് പറഞ്ഞു.
ഇന്നലെ അദ്വൈതാശ്രമം കടവിൽ നിമജ്ജനത്തിനായി എത്തിച്ച ചിതാഭസ്മത്തിന്റെ ഒരു ഭാഗം എം.കെ. സാനുവിന്റെ മക്കളിൽ നിന്ന് സ്വാമി ധർമ്മചൈതന്യ ഏറ്റുവാങ്ങി. ഗുരുവിന്റെ ശിക്ഷ്യനായിരുന്ന സഹോദരൻ അയ്യപ്പന്റെയും പത്നി പാർവ്വതി അയ്യപ്പന്റെയും സ്മൃതി മണ്ഡപങ്ങളും വാത്മീകികുന്നിലാണ്.
ഇടതുപക്ഷ സഹയാത്രികനായിരുന്നപ്പോഴും എം.കെ. സാനു ശ്രീനാരായണ ദർശന പ്രചാരകനായിരുന്നു. ശിവഗിരി മഠവും അദ്വൈതാശ്രമവും മറ്റും ഇഷ്ടസങ്കേതങ്ങളും.
കഴിഞ്ഞ ഫെബ്രുവരി 23ന് കുമാരനാശാൻ ചരമ ശതാബ്ദിയുടെ ഭാഗമായി അദ്വൈതാശ്രമത്തിൽ നടന്ന 'കേരള നവോത്ഥാനവും കുമാരനാശാനും' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തതും എം.കെ. സാനുവായിരുന്നു. അദ്വൈതാശ്രമത്തിൽ അദ്ദേഹം പങ്കെടുത്ത അവസാനത്തെ ചടങ്ങും.
സഹോദരൻ അയ്യപ്പനും പാർവ്വതി അയ്യപ്പനും ചേർന്ന് സ്ഥാപിച്ച തോട്ടുമുഖത്തെ ശ്രീനാരായണ ഗിരിയുമായും എം.കെ. സാനുവിന് അടുത്ത ബന്ധമാണുള്ളത്. ഉത്സവപറമ്പുകളിൽ പിരിവെടുത്തും മണപ്പുറത്ത് കപ്പലണ്ടികച്ചവടം നടത്തിയും കാർഷികോത്പന്നങ്ങൾ ശേഖരിച്ചുമെല്ലാമാണ് ശ്രീനാരായണ ഗിരിയെ അദ്ദേഹവും കൂടി ചേർന്ന് വളർത്തിയത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരിൽ നിന്ന് സാനു സ്മാരക നിർമ്മാണത്തിന് അനുമതി ലഭിച്ചതായും സ്വാമി ധർമ്മചൈതന്യ പറഞ്ഞു.