highcourt

കൊച്ചി: പൊതു ഇടങ്ങളിൽ 'ആൾക്കൂട്ടാധിപത്യം' (മോബോക്രസി) അനുവദിച്ചാൽ നിയമവാഴ്ച നശിക്കുമെന്ന് ഹൈക്കോടതി. ജനാധിപത്യ വ്യവസ്ഥയും അട്ടിമറിക്കപ്പെടും. ഇത്തരം അതിക്രമങ്ങളെ പൊലീസ് ഉരുക്കുമുഷ്ടികൊണ്ട് നേരിടണം.

കിഴക്കമ്പലം ബസ് സ്റ്റാൻഡിന്റെ നവീകരണ ജോലികൾക്ക് പൊലീസ് സംരക്ഷണം അനുവദിച്ച് ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് നിരീക്ഷണം. നവീകരണം അവസാന ഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായുള്ള ഗതാഗതനിയന്ത്രണം ഒരുകൂട്ടം രാഷ്ട്രീയപ്രവർത്തകർ അട്ടിമറിച്ചു. മറ്റൊരു ബസ് ഷെൽറ്ററുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം തേടി പഞ്ചായത്ത് പ്രസിഡന്റ് കോടതിയെ സമീപിച്ചത്. എതിർകക്ഷിയായ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജൂലായ് നാലിനായിരുന്നു അക്രമം. സൈൻ ബോർഡുകൾ മാറ്റിസ്ഥാപിച്ച് ഗതാഗതനിയന്ത്രണം ഏറ്റെടുത്തിട്ടും പൊലീസ് അനങ്ങിയില്ലെന്ന് ഹർജിയിൽ ആരോപിച്ചു.

ജനാധിപത്യത്തെ ബലപ്രയോഗത്തിലൂടെ പരാജയപ്പെടുത്താൻ ചിലർ നടത്തിയ ശ്രമങ്ങളാണ് വെളിപ്പെടുന്നതെന്ന് കോടതി വിലയിരുത്തി. തദ്ദേശ,​മോട്ടോർ വാഹന വകുപ്പിന്റെ അധികാര പരിധിയിലുള്ള കാര്യങ്ങളാണ് ഏറ്റെടുത്തത്. അന്വേഷിച്ച് കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ കേസെടുക്കണം.

ഇന്ന് പഞ്ചായത്ത്,

നാളെ സംസ്ഥാനം

ഒരു പഞ്ചായത്തിന്റെ ഭരണത്തിൽ ഇടപെടുന്നവർ നാളെ സംസ്ഥാന, കേന്ദ്ര ഭരണവും ഇതുപോലെ ഏറ്റെടുക്കാൻ ശ്രമിച്ചേക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് ബസ് സ്റ്റാൻഡ് നവീകരണത്തിന് പൊലീസ് സംരക്ഷണം നൽകാൻ റൂറൽ എസ്.പിക്കും കുന്നത്തുനാട് എസ്.എച്ച്.ഒയ്ക്കും നിർദ്ദേശം നൽകിയത്.

പണി പൂർത്തിയാക്കി തുറന്നുകൊടുക്കും വരെ ബസ് സ്റ്റാൻഡിൽ വാഹനങ്ങളും ജനങ്ങളും പ്രവേശിക്കുന്നത് നിയന്ത്രിക്കണം.