photo
നായരമ്പലം ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ

വൈപ്പിൻ: നായരമ്പലം നായർ കരയോഗം വക ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്‌കൂൾ നൂറിന്റെ നിറവിൽ. 1925 ൽ നായരമ്പലം പ്രദേശത്തുള്ള മുഴുവൻ പേരുടെയും വിദ്യാഭ്യാസത്തിനായാണ് സ്‌കൂൾ സ്ഥാപിച്ചത്. ശതാബ്ദി ആഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ നടത്തുമെന്ന് സ്‌കൂൾ മാനേജർ എസ്. ജയഗോപാൽ, പ്രിൻസിപ്പൽ പി. മിനി, പി.ടി.എ പ്രസിഡന്റ് പി.കെ. രാജീവ് എന്നിവർ അറിയിച്ചു. സ്‌കൂളിലെ ഏറ്റവും നിർദ്ധനനായ കുട്ടിക്ക് വീട് നിർമ്മിച്ച് നൽകും. നായരമ്പലം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവിന് ഒരു വാഹനവും നൽകും. സമൂഹത്തിലെ നിർദ്ധനരും നിരാലംബരുമായവരുടെ ആവശ്യം അറിഞ്ഞുള്ള കൈത്താങ്ങ് നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ആഗസ്റ്റ് 15ന് ചരിത്രോത്സവം സംഘടിപ്പിക്കും. 31ന് വൈകിട്ട് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രിമാരുടെയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ നടക്കും. തുടർന്ന് 2 ദിവസം ഓണാഘോഷം ഉൾപ്പെടെ വസന്തോത്സവം നടത്തും.
ഒക്‌ടോബറിൽ സെമിനാറുകളും സാംസ്‌ക്കാരിക സായാഹ്നവും നവംബറിൽ വിദ്യാർത്ഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും കായികോത്സവവും നടത്തും. കൂടാതെ വിരമിച്ച അദ്ധ്യാപകരുടെ സംഗമവും പൊതു രംഗത്തുള്ളവരുടെ സൗഹൃദോത്സവവും ക്രിസ്തുമസ് ആഘോഷവും ഉണ്ടാകും. ഏപ്രിലിൽ കുട്ടികളുടെ നാടക കളരിയും 101 പേരുടെ മെഗാ നാടകവും കുട്ടികളുടെ സർഗത്മക പ്രകടനങ്ങളും സംഘടിപ്പിക്കും.
ഇന്നലെ ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം നിർവഹിച്ചു. റിട്ട. ചിത്രകലാദ്ധ്യാപകൻ ഒ.ജി. ഗോപിനാഥനാണ് ലോഗോ രൂപകല്പന ചെയ്തത്.