തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. നൂറുകണക്കിനുപേരെ സാക്ഷിയാക്കിയായിരുന്നു മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ വീരാശേരി വീട്ടിൽ നിസാറിന്റെ (32) കടും കൈ. ഇന്നലെ ഉച്ചയ്ക്ക് 2.30ന് തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനു സമീപമാണ് സംഭവം.
2.10ഓടെയാണ് നിസാർ ടിക്കറ്റെടുത്ത് പ്ലാറ്റഫോമിലെത്തിയത്. തുടർന്ന് കിഴക്കുവശത്തെ എമർജൻസി ഗേറ്റ് മറികടന്ന് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് വയഡക്ടിലേക്ക് കയറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ എമർജൻസി ട്രിപ് സ്വിച്ച് ഓഫാക്കി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
സെക്യൂരിറ്റി ജീവനക്കാരും മെട്രോ സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരും എത്തിയതോടെ എസ്.എൻ ജംഗ്ഷൻ ഭാഗത്തേക്ക് നീങ്ങിയ യുവാവ്, താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി. 2.25ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ പാലത്തിനു താഴെ വല വിരിച്ചെങ്കിലും സംരക്ഷണ ഭിത്തിയും മുകളിലെ ഇരുമ്പ് വേലിയും കടന്ന് 40 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
രണ്ടു കാലുകളും ഒടിഞ്ഞു. തലയ്‌ക്കും പരിക്കേറ്റു. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 3.40ഓടെ മരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
നാട്ടിൽ ബേക്കറി ജോലിയും മറ്റും ചെയ്തിരുന്ന നിസാർ രണ്ടുദിവസം മുമ്പ് ജോലി തേടിയാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. കുഞ്ഞു മൊയ്തീൻ- നുസൈബ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഫൈസൽ, റംഷീദ്, സഫീന.
സംഭവത്തെത്തുടർന്ന് കടവന്ത്ര മുതൽ തൃപ്പൂണിത്തുറ വരെ 40 മിനിറ്റോളം മെട്രോ സർവീസ് നിറുത്തിവച്ചു. അരമണിക്കൂറോളം റോഡ് ഗതാഗതവും സ്തംഭിച്ചു. സംഭവത്തിൽ കെ.എം.ആർ.എൽ അന്വേഷണം പ്രഖ്യാപിച്ചു.