benny

കൊച്ചി: ദേശീയപാത 544 ലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കും വരെ ടോൾ പിരിവ് പൂർണമായും നിറുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിക്ക് ബെന്നി ബഹനാൻ എം.പി. നിവേദനം നൽകി. ചെലവിന്റെ മൂന്നിരട്ടി തുക പിരിച്ചെടുത്തെങ്കിലും ആനുപാതികമായ സൗകര്യങ്ങൾ ദേശീയപാത അധികൃതരോ കരാറുകാരോ ഒരുക്കിയിട്ടില്ല.

ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര ഭാഗങ്ങളിലെ മേൽപ്പാലവും അടിപ്പാതയും ഉൾപ്പെടെ നിർമ്മാണം മൂലമുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മന്ത്രിയെ ധരിപ്പിച്ചു. പദ്ധതി നേരത്തേ പൂർത്തിയാക്കാൻ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു.