കൊച്ചി: തിരുവാണിയൂരിലെ ഐ.ഒ.സി പെട്രോൾ പമ്പിൽ അഞ്ച് കിലോഗ്രാം ചോട്ടുഗ്യാസ് സിലണ്ടറുകളിൽ അമിത വില ഈടാക്കിയതിന് ലീഗൽ മെട്രോളജി വകുപ്പ് 10,000രൂപ പിഴ ഈടാക്കി കേസ് രജിസ്റ്റർ ചെയ്തു.

ചോട്ടു സിലണ്ടറുകളിൽ അമിതവില ഈടാക്കി പാചകവാതകം ഫില്ലിംഗ് ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്ഥിര താമസക്കാരല്ലാത്തവരും വാടക ചീട്ടോ മറ്റു അനുബന്ധ രേഖകളോ ഇല്ലാത്തവരുമായ അഞ്ച് കിലോഗ്രാം ചോട്ടു ഗ്യാസ് കണക്ഷന്റെ ഗുണഭോക്താക്കൾ. അഞ്ച് കിലോഗ്രാം ചോട്ടു ഗ്യാസിന് 477.50രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. പമ്പ് ഉടമകൾ ഇതിന് 530 മുതൽ 550വരെ രൂപ ഈടാക്കുന്നുണ്ട്.

ലീഗൽ മെട്രോളജി മദ്ധ്യമേഖല ജോയിന്റ് കൺട്രോളർ രാജേഷ് സാമിന്റെ നേതൃത്വത്തിൽ അസി.കൺട്രോളർ ആർ. സുധ, ഫ്ലൈയിംഗ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ ആർ.വി. മഞ്ജു, ജിനു വിൻസെന്റ്, ശ്രീജിത്ത് എന്നിവരാണ് പമ്പുകളിൽ മിന്നൽ പരിശോധന നടത്തിയത്. നിയമലംഘനങ്ങൾ അറിയിക്കാൻ: 8281698003, 8281698067.