ldf
നഗരസഭയിലെ സൈറൺ നിരോധനം നീക്കിയ ജില്ലാ കളക്ടറെ അഭിനന്ദിച്ച് എൽ.ഡി.എഫ് ആലുവ ടൗൺ കമ്മിറ്റി മധുരം വിളമ്പിയപ്പോൾ

ആലുവ: വിവാദമായ ആലുവ നഗരസഭയിലെ സൈറൺ നിരോധനം ജില്ലാ കളക്ടർ പിൻവലിച്ചു. 38 ദിവസത്തെ നിശബ്ദതക്ക് ശേഷം ഇന്നലെ വൈകിട്ട് അഞ്ചിന് വീണ്ടും സൈറൺ മുഴങ്ങി. നഗരസഭ ചെയർമാൻ എം.ഒ. ജോൺ സ്വിച്ച് ഓൺ നിർവഹിച്ചു.

ശബ്ദമലിനീകരണം ആരോപിച്ച് കങ്ങരപ്പടി സ്വദേശി നൽകിയ പരാതിയെ തുടർന്ന് ജൂലായ് ഒന്നിനാണ് കളക്ടർ സൈറൺ നിരോധിച്ചത്. നഗരസഭ അധികൃതരുടെ വീഴ്ചയാണ് നിരോധനത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ഇതോടെ നിരോധനത്തിനെതിരെ നഗരസഭാ കൗൺസിൽ ഏകകണ്ഠമായി പ്രമേയം പാസാക്കി കളക്ടർക്ക് നൽകി.

വ്യവസായ മേഖലയിൽ അനുവദനീയമായ പരിധി 65 വെയ്റ്റഡ് ഡെസിബെല്ലാണെങ്കിലും പി.സി.ബിയുടെ പരിശോധനയിൽ നഗരത്തിൽ സൈറൺ മുഴങ്ങുമ്പോൾ 95.5 വെയ്റ്റഡ് സെഡിബെൽ ശബ്ദമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പരാതിയെ തുടർന്ന് വീണ്ടും നടത്തിയ പരിശോധനയിൽ സൈറൺ മുഴങ്ങുന്നത് 30 സെക്കന്റ് സമയം മാത്രമായതിനാൽ പ്രശ്നമില്ലെന്ന് വ്യക്തമായി. എങ്കിലും സൈറൺ മുഴക്കുന്നത് 20 സെക്കന്റാക്കി ചുരുക്കണമെന്ന ഉപാധിയോടെയാണ് നിരോധനം പിൻവലിച്ചിരിക്കുന്നത്.

യുദ്ധകാലത്ത് സ്ഥാപിച്ച ചൂളംവിളി

1965ലെ ഇന്ത്യ - പാക്ക് യുദ്ധകാലത്ത് കേന്ദ്രസർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ആരംഭിച്ചതാണ് നഗരസഭയിലെ ചൂളം വിളി. പിന്നീടിങ്ങോട്ട് നിറുത്താതെ പിന്തുടർന്നു. വ്യവസായ തലസ്ഥാനമായിരുന്ന ആലുവയിൽ തൊഴിലാളികളെ സമയം ഓർമ്മപ്പെടുത്തുകയായിരുന്നു സൈറണിന്റെ പിന്നീടുള്ള കടമ. വാഹനങ്ങളും വൻകിട കെട്ടിടങ്ങളും ഇല്ലാതിരുന്ന കാലത്ത് നഗരസഭയിൽ നിന്നുള്ള ചൂളം വിളി കിലോമീറ്ററുകൾ വരെ കേൾക്കാമായിരുന്നു. ഇപ്പോൾ ഇത് നഗരസഭയ്ക്ക് അടുത്തുള്ളവർക്ക് മാത്രമേ കേൾക്കാനാവൂ. ദിവസവും രാവിലെ അഞ്ച്, എട്ട്, ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് അഞ്ച്, രാത്രി എട്ട് എന്നിങ്ങനെ അഞ്ചു തവണയാണ് സൈറൺ മുഴക്കിയിരുന്നത്.

പടിയിറങ്ങിയ കളക്ടറുടെ അവസാന ഉത്തരവ്

ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് എൻ.എസ്.കെ. ഉമേഷ് പടിയിറങ്ങും മുമ്പ് ഇറക്കിയ അവസാന ഉത്തരവാണ് സൈറൺ നിരോധനം പിൻവലിക്കൽ. പുതിയ കളക്ടർ ചുമതലയേറ്റാൽ തീരുമാനം വൈകുമെന്ന നഗരസഭ അധികൃതരുടെ അഭിപ്രായവും എൻ.എസ്.കെ ഉമേഷ് പരിഗണിച്ചു.

എൽ.ഡി.എഫ് മധുരം വിളമ്പി

നഗരസഭയിലെ സൈറൺ നിരോധനം നീക്കിയ ജില്ലാ കളക്ടറെ അഭിനന്ദിച്ച് എൽ.ഡി.എഫ് ആലുവ ടൗൺ കമ്മിറ്റി മധുരം വിളമ്പി. കൺവീനർ രാജീവ് സക്കറിയ ഉദ്ഘാടനം ചെയ്തു.