കൊച്ചി : വാറന്റി കാലയളവിൽ തകരാറിലായ മൊബൈൽ ഫോൺ മാറ്റി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാത്ത വ്യാപാരിയും സർവീസ് സെന്ററും ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു. മുളന്തുരുത്തി സ്വദേശി സണ്ണി എം. ഐപ്പ് സമർപ്പിച്ച പരാതിയിൽ, പരാതിക്കാരനുണ്ടായ മാനസിക വ്യഥയ്ക്കും സാമ്പത്തിക നഷ്ടത്തിനും 10,000രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 5,000 രൂപയും 45ദിവസത്തിനകം നൽകണമെന്നാണ് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ വിധി.
2020മേയ് മാസമാണ് എറണാകുളം പെന്റാ മേനകയിലെ ഡിജിറ്റൽ സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്ന് 11,000 രൂപയ്ക്ക് ഒരുവർഷം വാറണ്ടിയുള്ള 'എംഫോൺ 7 പ്ലസ്' എന്ന മോഡൽ മൊബൈൽ ഫോൺ വാങ്ങിയത്. അഞ്ച് മാസത്തിനകം ഫോൺ പ്രവർത്തന രഹിതമായി. തുടർന്ന് പരാതിക്കാരൻ വ്യാപാരിയെ സമീപിക്കുകയും അയാൾ പറഞ്ഞയച്ച അംഗീകൃത സർവീസ് സെന്ററായ മറൈൻ ഡ്രൈവിലെ സ്പീഡ് സർവീസ് ആൻഡ് റിപ്പയറിംഗ് പ്രശ്നം പരിഹരിച്ച് നൽകിയില്ല.
വാറന്റി കാലയളവിനുള്ളിൽ തകരാറിലായ ഉത്പ്പന്നത്തിന് പരിഹാരം നൽകുന്നതിൽ എതിർകക്ഷികൾ പരാജയപ്പെട്ടുവെന്ന് കമ്മീഷൻ കണ്ടെത്തി. സാങ്കേതിക പരിജ്ഞാനമില്ലാതെ വില്പനക്കാരന്റെ ഉറപ്പിൽ വിശ്വസിച്ച് ഉത്പ്പന്നം വാങ്ങുന്ന ഉപഭോക്താവിനെ കബളിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാരനു വേണ്ടി അഡ്വ. ജെ. സൂര്യ ഹാജരായി.