കൊച്ചി: ശക്തമായ നിലപാടുകൾ സൗമ്യമായി വ്യക്തമാക്കിയ ഋഷിതുല്യനായിരുന്നു പ്രൊഫ. എം.കെ. സാനുവെന്ന് സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണൻ പറഞ്ഞു. ജി ഓഡിറ്റോറിയത്തിൽ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആരോടും പകയില്ലാതെ നീതികേടുകളോട് വിട്ടുവീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചു. നവോത്ഥാന ചിന്തകൾ തലമുറകൾക്കു പകർന്നു നൽകിയ ഗുരുനാഥനായിരുന്നു. 87ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരുന്നെങ്കിൽ ഈ രംഗത്തെ ഇന്നത്തെ പല പ്രശ്‌നങ്ങളും ഉണ്ടാകുമായിരുന്നില്ല. ആരെയും വിഷമിപ്പിച്ചുള്ള ജയം തനിക്കു വേണ്ടെന്ന് തീരുമാനിച്ച് പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചു. കലാലയത്തിൽ മാത്രമല്ല പൊതുമണ്ഡലത്തിലും അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന് തുല്യരായി മറ്റാരുമില്ലെന്നും വ്യക്തമാക്കി.
ഡോ. നെടുമുടി ഹരികുമാർ, പ്രൊഫ.എം. തോമസ് മാത്യു, ശ്രീമൂലനഗരം മോഹൻ, ഡോ. ടി.എസ്. ജോയ്, അഡ്വ. എം.കെ. ശശീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.