arish

ശാന്തൻപാറ: പട്ടാപ്പകൾ യുവതിയുടെ കൈയി​ൽനിന്ന് പണം പിടിച്ചുപറിച്ച് സ്‌കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ ശാന്തൻപാറ പൊലീസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ ചിന്നക്കനാലിലെ ഒരു ധനകാര്യ സ്ഥാപനത്തിൽനിന്ന് പണയസ്വർണം എടുക്കാനായി ഓട്ടോറിക്ഷയിൽ വന്ന യുവതിയുടെ കൈയി​ൽനിന്ന് 30000 രൂപ അടങ്ങിയ പഴ്‌സ് പിടിച്ചുപറിച്ച് സ്‌കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെയാണ് ശാന്തൻപാറ പൊലീസി​ന് തേനിയിൽനിന്ന് പിടികൂടിയത്. തൃക്കാക്കര ഇടപ്പിള്ളികരയിൽ ഇലവുങ്കൽ വീട്ടിൽ ആരിഷാണ് (39) അറസ്റ്റിലായത്. ഓട്ടോറിക്ഷയുടെ സൈഡിലി​രുന്ന യുവതിയുടെ കൈയി​ൽ നിന്ന് പണമടങ്ങിയ പഴ്‌സ് പിടിച്ചുപറിക്കുകയായിരുന്നു.

സംഭവം നടന്ന ഉടനെ ശാന്തൻപാറ പൊലീസിനെ യുവതി വിവരം അറിയിച്ചു. സി.സി ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. നഷ്ടപ്പെട്ട പണത്തിലെ 26000 രൂപയും പ്രതിയിൽനിന്ന് വീണ്ടെടുത്തു. മൂന്നാർ ഡിവൈ.എസ്.പി​ അലക്‌സ് ബേബി, ശാന്തൻപാറ ഇൻസ്‌പെക്ടർ ശരത്‌ലാൽ എന്നിവരുടെ നിർദ്ദേശാനുസരണം എസ്.ഐ ഹാഷിം, എ.എസ്.ഐ സുരേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിഷ്ണു, അരുൺ, പ്രതീഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് തമിഴ്‌നാട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.