മട്ടാഞ്ചേരി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൊച്ചി നിയോജകമണ്ഡലം പ്രതിഷേധസദസ് സി.പിഎമ്മും സി.പി.ഐയും വെവ്വേറെ നടത്തി. കൊച്ചിയിൽ ഇരു പാർട്ടികളും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായഭിന്നതയുടെ ഭാഗമായാണ് ഇതെന്ന് പറയുന്നു.
സി.പി.എം എൽ.ഡി.എഫ് ബാനറിൽ തോപ്പുംപടി പ്യാരി ജംഗ്ഷനിലും സി.പി.ഐ തോപ്പുംപടി കെ.എസ്.ഇ.ബി.ഓഫീസിന് സമീപവും ഒരേസമയത്താണ് സമ്മേളനം സംഘടിപ്പിച്ചത്. എൽ.ഡി.എഫ് പ്രതിഷേധസദസ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പി.എസ്. രാജം അദ്ധ്യക്ഷയായി. കെ.ജെ. മാക്സി എം.എൽ.എ, പി.എ. പീറ്റർ, സോണി കെ. ഫ്രാൻസിസ്, കെ.ജെ. ബേസിൽ, ജോഷ്വോ, തോമസ് കൊറശേരി തുടങ്ങിയവർ സംസാരിച്ചു.
സി.പി.ഐയുടെ സമ്മേളനം മണ്ഡലം സെക്രട്ടറി എം.കെ. അബ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു. എം.ഉമ്മർ അദ്ധ്യക്ഷനായി. ടി.കെ. ഷബീബ്, അഡ്വ.പി.എ. അയൂബ്ഖാൻ, പി.കെ. ഷിഫാസ്, ഡെപ്യൂട്ടി മേയർ കെ.എ അൻസിയ, എ.അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.