പെരുമ്പാവൂർ: ദേശീയപാത 544 ലെ ഗതാഗത പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും ഇവിടുത്തെ ടോൾ പിരിവ് പൂർണമായും നിറുത്തണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയെ കണ്ട് നിവേദനം നൽകി. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര ഭാഗങ്ങളിലായി എൻ.എച്ച് 544ൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ഉണ്ടായിട്ടുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിൽ പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ ഭീകരാവസ്ഥയും മന്ത്രിയെ ധരിപ്പിച്ചു.

ഗതാഗതകുരുക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ഹൈക്കോടതി ടോൾ പിരിവ് നാലാഴ്ചത്തേക്ക് നിറുത്തിവയ്ക്കാൻ ഉത്തരവിട്ടതും എൻ.എച്ച്.എ.ഐയുടെ വീഴ്ചകൾ ഗുരുതരമാണെന്നതിനുള്ള തെളിവാണെന്ന് എം.പി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പദ്ധതി നേരത്തേ പൂർത്തിയാക്കാൻ പ്രത്യേക മോണിറ്ററിംഗ് സംഘത്തെ നിയോഗിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.