കൊച്ചി: അദ്ധ്യാപികയായ ഭാര്യയുടെ ശമ്പള കുടിശികയുൾപ്പെടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കാത്തതിനാൽ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ പ്രഥമാദ്ധ്യാപികയെ സസ്പെൻഡ് ചെയ്യാനുള്ള നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു.
പത്തനംതിട്ട നാറാണംമൂഴി സെന്റ് ജോസഫ് എച്ച്.എസ് പ്രഥമാദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന അഞ്ജു ഫിലിപ്പിനെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ നിർദ്ദേശമാണ് ജസ്റ്റിസ് ടി.വി. രവി സ്റ്റേ ചെയ്തത്. ലേഖാ രവീന്ദ്രന്റെ ശമ്പളക്കുടിശിക യഥാസമയം ലഭിക്കുന്നതിന് താൻ തടസമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഥമാദ്ധ്യാപിക ഹർജി നൽകിയത്. പ്രഥമാദ്ധ്യാപികയായി നിയമിതയായത് കഴിഞ്ഞ മേയ് ഒന്നിന് മാത്രമാണെന്ന് അഞ്ജു ഫിലിപ്പ് വിശദീകരിച്ചു.