ആലുവ: സീപോർട്ട് - എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട നഷ്ടപരിഹാര വിതരണത്തിൽ വേഗതയില്ലെന്ന ആക്ഷേപവുമായി ഭൂവുടമകൾ. 2024 ഡിസംബർ ഏഴിന് സർക്കാർ പണം അനുവദിച്ചപ്പോൾ നാല് മാസത്തിനകം നഷ്ടപരിഹാര തുക പൂർണമായി വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇപ്പോഴും പകുതിപോലും ആയിട്ടില്ല.
രണ്ടാംഘട്ടത്തിൽ എച്ച്.എം.ടി മുതൽ മഹിളാലയം വരെയാണ് ഭൂമി ഏറ്റെടുത്ത് റോഡ് നിർമ്മിക്കേണ്ടത്. ഇതിൽ എച്ച്.എം.ടി മുതൽ രണ്ട് കിലോമീറ്റർ ടാറിംഗ് പൂർത്തിയാക്കിയിട്ട് നാളേറെയായി. എച്ച്.എം.ടി, എൻ.എ.ഡി എന്നിവയുമായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം അടുത്തിടെ പരിഹരിച്ചെങ്കിലും നിർമ്മാണം വേഗത്തിലായിട്ടില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിയോഗിച്ചിരുന്ന തഹസിൽദാർ സ്ഥലം മാറിയതും പകരക്കാനായി ദേശീയപാത 66ന്റെ ചുമതലയുള്ള തഹസിൽദാർക്ക് അധികച്ചുമതല നൽകിയതുമെല്ലാം തിരിച്ചടിയായിരുന്നു. നഷ്ടപരിഹാരവിതരണം വൈകുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് ദേശീയപാതയുടെ ചുമതലയിൽ നിന്ന് തഹസിൽദാരെ കഴിഞ്ഞയാഴ്ച ഒഴിവാക്കിയത് ആശ്വാസമായിട്ടുണ്ട്.
ഇതിന് പുറമെ ഏറ്റെടുക്കുന്ന ഭൂഭാഗങ്ങളുടെ രൂപരേഖ തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കുണ്ടായ പിഴവും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ശരിയായ രൂപരേഖ തയ്യാറാക്കി ബി.വി.ആർ ലഭിച്ചെങ്കിലും ഇതുവരെ ഡി.വി.എസ് ലഭിച്ചിട്ടില്ല. അടുത്തയാഴ്ചയ്ക്കകം ഡി.വി.എസ് തയ്യാറാക്കി കളക്ട്രേറ്റിൽ നൽകി അംഗീകാരം വാങ്ങാനാണ് ശ്രമം.
#രണ്ടാം റീച്ചിൽപ്പെട്ട എൻ.എ.ഡി മുതൽ മഹിളാലയം വരെയുള്ള ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ അനുവദിച്ചത് 569 കോടി രൂപ.
#നഷ്ടപരിഹാരം ലഭിക്കേണ്ട ആകെ ഭൂവുടമകൾ: 469
#ഇതുവരെ നഷ്ടപരിഹാരം ലഭിച്ച ഭൂവുടമകൾ: 180
#രൂപരേഖയിൽ പിശകിൽ ഫയലുകൾ പെന്റിംഗായ ഭൂവുടമകൾ: 52
ഒക്ടോബറിൽ നഷ്ടപരിഹാര
വിതരണം പൂർത്തിയാക്കും
ഒക്ടോബറിൽ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കും. നടപടിക്രമങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് താൻ ചുമതലയേൽക്കുമ്പോൾ 67 പേർക്കായിരുന്നു നഷ്ടപരിഹാരം നൽകിയിരുന്നത്. നിലവിൽ 200ന് അടുത്തായി.
നിലവിൽ 30ഓളം പേരുടെ ഹിയറിംഗ് കൂടി പൂർത്തിയാക്കിയിട്ടുണ്ട്. രൂപരേഖയിൽ പിശക് സംഭവിച്ച ഭാഗത്തെ ഭൂമിയുടെ ഡി.വി.എസിന് ഒരാഴ്ചയ്ക്കകം അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അംഗീകാരം ലഭിച്ചാൽ ഉടൻ ഹിയറിംഗ് നടത്തി തുടർ നടപടികളെടുക്കും.
ഗോപകുമാർ
തഹസിൽദാർ,
ഭൂമി ഏറ്റെടുക്കൽ വിഭാഗം
സർക്കാരിന് നഷ്ടം
ഭൂമി ഏറ്റെടുക്കൽ വൈകുന്തോറും സർക്കാരിന് കോടികളുടെ നഷ്ടമാണ്. ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ ഇറക്കിയ 2020 മുതൽ 12 ശതമാനം പലിശയും നഷ്ടപരിഹാരത്തിനൊപ്പം ഭൂവുടമകൾക്ക് നൽകണം.
ഭൂമി ഏറ്റെടുക്കൽ വൈകുന്നതിനാൽ ഭൂവുടമകളുടെ ദുരിതം ഒഴിയുന്നില്ല. കാൽനൂറ്റാണ്ട് മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്ക് കഴിഞ്ഞ ഡിസംബറിൽ പണം അനുവദിച്ചിട്ടും യഥാസമരം വിതരണം ചെയ്യുന്നില്ല. ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവാണ് ഇതിന് കാരണം
സജീവൻ ആലുവ
ഭൂവുടമ