കോതമംഗലം: വാട്ടർ കണക്ഷൻ ഇല്ലാത്ത വീട്ടിൽ വാട്ടർ അതോറിട്ടി വക റവന്യു റിക്കവറി മുന്നറിയിപ്പ് നോട്ടീസ്. ബിൽ തുക കുടിശിക വരുത്തിയതിനാണ് നോട്ടീസ്. കണക്ഷൻ കട്ട് ചെയ്തതായും നോട്ടിസിലുണ്ട്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം കുടിശികയായ 2332 രൂപ അടക്കണമെന്നും അല്ലാത്തപക്ഷം റവന്യുറിക്കവറി നടപടി സ്വീകരിക്കുമെന്നും കാണിച്ചാണ് തലക്കോട് കൂവകണ്ടത്തിൽ കെ.എം. തോമസിന് (ഷാജി) നോട്ടീസ് ലഭിച്ചിരിക്കുന്നത്. തന്റെ വീട്ടിൽ ഒരിക്കൽപോലും വാട്ടർ കണക്ഷൻ എടുത്തിട്ടില്ലെന്നാണ് ഷാജി പറയുന്നത്. അയൽപക്കത്തെ വീടുകളിലും കണക്ഷൻ ഇല്ല. നോട്ടീസ് അയക്കാനുള്ള കാരണംതേടി കോതമംഗലം വാട്ടർ അതോറിട്ടി ഓഫീസിലെത്തിയ ഷാജിക്ക് പരിശോധിച്ച് പറയാം എന്ന മറുപടിയാണ് ലഭിച്ചിട്ടുള്ളത്. കണക്ഷൻ സംബന്ധിച്ച ഓഫിസിലുള്ള ഫയലിൽ തിരിച്ചറിയൽ രേഖ ഉൾപ്പടെ ഷാജിയുടേത് തന്നെയാണ്. എന്നാൽ ഫോൺ നമ്പർ മറ്റൊരാളുടേതാണ്. ഇരുപത് വർഷത്തിലധികം കണക്ഷൻ ഉപയോഗിച്ചതായാണ് രേഖകൾ. എന്തായാലും പണമടക്കില്ലെന്ന് അധികാരികളെ അറിയിച്ചാണ് ഷാജി മടങ്ങിയത്.