ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ പുറമ്പോക്ക് ഭൂമി കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആലുവ തഹസിൽദാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 16-ാം വാർഡിൽ സ്റ്റാൻഡേർഡ് പോട്ടറീസ് - ദേശായി ഹോംസിന്റെ അനുബന്ധ ഭൂമികളിലും കൈവശ ഭൂമികളിലും സർവേനടത്തി പുറമ്പോക്കുകൾ കണ്ടെത്തി അതിരടയാളങ്ങൾ സ്ഥാപിക്കാനാണ് നിർദ്ദേശം.

ഭൂരഹിതരായ 600ഓളം ദരിദ്ര കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പാർപ്പിട പദ്ധതിക്കായി ഭൂമി ലഭ്യമാക്കുന്നതിനാണ് പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്നത്. സർവേ 177/1 ലെ 17 ഏക്കർ, 176/2 ലെ 5 ഏക്കർ എന്നീ ഭൂമികളിലംയും മൂന്ന് അനുബന്ധ ഭൂമികളിലെയും പുറമ്പോക്കുകൾ തിട്ടപ്പെടുത്തി സർവേക്കല്ലുകൾ സ്ഥാപിക്കുന്നതിനായി ഡെപ്യൂട്ടി ഡയറക്‌ടർ ഒഫ് സർവേ ആൻ‌ഡ് ലാൻഡ് റെക്കോർഡ്‌സുമായി ബന്ധപ്പെട്ടിട്ടുണ്ട്.

നേരത്തെ ദേശായി ഹോംസിലെ പുറമ്പോക്കുകൾ കണ്ടെത്തിയിരുന്നുവെങ്കിലും കാട് വെട്ടി തെളിക്കുന്നതിനായി റവന്യൂ അധികാരികളും പഞ്ചായത്ത് അധികൃതരും നടപടി എടുത്തിരുന്നില്ല. റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്ന ബോർഡ് സ്ഥാപിക്കുക മാത്രമാണ് ചെയ്തത്.