photo
നായരമ്പലം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിനുള്ള കുടുങ്ങാശേരിയിലെ സ്ഥലം


വൈപ്പിൻ : 40 വർഷമായി കാത്തിരിക്കുന്ന നായരമ്പലം ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കുടുങ്ങാശേരിയിൽ വൈകാതെ യാഥാർത്ഥ്യമാകും. ഒരു മാസത്തിനകം നിർമ്മാണം തുടങ്ങുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ് അറിയിച്ചു.
1984 ജനുവരി 10 നാണ് കുടുങ്ങാശേരിയിലെ കണ്ണായ സ്ഥലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തതായുള്ള വിളംബര പ്രഖ്യാപനം അന്നത്തെ സ്ഥലം എം.എൽ.എയും ഗ്രാമ വികസന വകുപ്പ് മന്ത്രിയുമായ പി.കെ. വേലായുധൻ നടത്തിയത്. 20 സെന്റ് സ്ഥലം പൊന്നും വില കൊടുത്താണ് പഞ്ചായത്ത് ആസ്തിയിലായത്. തുടർന്ന് ഒട്ടേറെ വർഷങ്ങൾ പഞ്ചായത്ത് ബഡ്ജറ്റുകളിൽ ഷോപ്പിംഗ് കോംപ്ലക്‌സിന് തുക വക കൊള്ളിച്ചിരുന്നു. എന്നാൽ പദ്ധതി നടപ്പായില്ല. ഇതിനിടെ സ്ഥലത്തിന് ചുറ്റുമതിൽ നിർമ്മിച്ചെങ്കിലും കാലപ്പഴക്കത്താൽ അതും പൊളിഞ്ഞ് പോയി. ഇവിടെ ഇപ്പോൾ ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും പാർക്കിംഗിനായി ഉപയാഗിക്കുകയാണ്. ചില പെട്ടിക്കടകളുമുണ്ട്. യാത്രക്കാർക്കും കെ.എസ്.ഇ.ബിക്കും ഭീഷണിയായി വലിയ മരങ്ങളും നിൽക്കുന്നുണ്ട്.
ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന 7-ാം വാർഡിലാണ് ഈ സ്ഥലം. ഷോപ്പിംഗ് കോംപ്ലക്‌സിനായി ഒരു കോടി രൂപ ഇത്തവണത്തെ പഞ്ചായത്ത് ബഡ്ജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്. 12 മുറികളുള്ള കോംപ്ലക്‌സിന്റെ ഒരു നിലമാത്രമാണ് ഇപ്പോൾ നിർമ്മാണ പദ്ധതിയിലുള്ളത്. പ്ലാനും എസ്റ്റിമേറ്റും ബ്ലോക്ക് പഞ്ചായത്ത് അസി.എൻജിനിയർ തയ്യാറാക്കി ജില്ലാ പഞ്ചായത്ത് അസി. എക്‌സി. എൻജിനിയറുടെ അംഗീകാരത്തിനായി നൽകിയിട്ടുണ്ട്. ഉടൻതന്നെ സാങ്കേതികാനുമതി ലഭിക്കുമെന്നും ചിങ്ങപ്പുലരിയോടെ നിർമ്മാണം തുടങ്ങുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.