an
പട്ടിമറ്റം പി.എച്ച്.സിയിലെ ആംബുലൻസ്

കിഴക്കമ്പലം: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പട്ടിമറ്റം പി.എച്ച്.സിയിലെ ആംബുലൻസ് ഡ്രൈവറെ മാറ്റി ഇഷ്ടക്കാരനെ നിയമിക്കാനുള്ള കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം പാളി. നിലവിലെ ഡ്രൈവർ കെ.എം. സാബു ഹൈക്കോടതിയെ സമീപിച്ചതോടെ ഡ്രൈവറുടെ ചുമതലകൾ നിർവഹിക്കുന്നതിന് ഇയാളെ തടസപ്പെടുത്തരുതെന്നും വേതനം തടഞ്ഞുവയ്ക്കുകയോ നിലവിലുള്ള സൗജന്യ പൊതു ആംബുലൻസ് സേവനം ഏകപക്ഷീയമായി നിർത്തലാക്കുകയോ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. അത്തരം പ്രവർത്തനങ്ങൾ അവശ്യ പൊതുജനാരോഗ്യ സേവനങ്ങളെ നിയമവിരുദ്ധമായി തടസപ്പെടുത്തുകയും മെഡിക്കൽ അടിയന്തരാവസ്ഥകളിൽ പൗരന്മാർക്ക് ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുന്നതായും കോടതി വിലയിരുത്തി. കുന്നത്തുനാട് പഞ്ചായത്തും ആശുപത്രി എച്ച്.എം.സിയുമായി നടക്കുന്ന ശീതസമരത്തിൽ നാട്ടുകാർക്ക് കുറഞ്ഞ ചിലവിൽ ലഭിക്കേണ്ട ആരോഗ്യ പരിരക്ഷ നഷ്ടമാക്കാനുള്ള നീക്കമാണ് കോടതി ഇടപെടലിൽ തടഞ്ഞത്. സാബുവിന് വേണ്ടി അഭിഭാഷകരായ ബിനു ബാബുക്കുട്ടൻ, എം.എസ്. ആരോമലുണ്ണി, എ. അനന്തകൃഷ്ണൻ, നിമ മറിയം കോശി, റോഷൻ കുര്യൻ റോയ് എന്നിവരാണ് ഹാജരായി.

2022 ൽ ബെന്നി ബഹനാൻ എം.പി അനുവദിച്ചതാണ് ആംബുലൻസ്. ഡ്രൈവറെ നിയമിക്കേണ്ടത് പഞ്ചായത്തിന്റെ ചുമതല.  ഇതുപ്രകാരം ഡ്രൈവറെ നിയമിച്ചു. മൂന്നുവർഷമായി ഇയാൾ തുടരുന്നതിനിടെ കുന്നത്തുനാട് പഞ്ചായത്ത് കമ്മി​റ്റി ഡ്രൈവറുടെ കരാർ പുതുക്കേണ്ടെന്ന് ഏകപക്ഷീയമായി തീരുമാനിച്ചു. പുതിയ ഡ്രൈവറെ നിയമിക്കാൻ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേയ്ക്ക് ശുപാർശ നൽകി. ഇതിന് പിന്നാലെ ഡ്രൈവറെ ജോലിയിൽ നിന്ന് മാ​റ്റി. എംപ്ലോയ്‌മെന്റിൽ നിന്ന് പുതിയ ഡ്രൈവർ വരുന്നത് വരെ തുടരാൻ അനുവദിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയടക്കം കമ്മി​റ്റിയിൽ നിർദ്ദേശിച്ചെങ്കിലും ചെവിക്കൊള്ളാൻ ഭരണസമിതി തയ്യാറായില്ല.

ആംബുലൻസ് ലഭിക്കാതെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കണ്ണിൽ പൊടിയിടാൻ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നല്ലാതെ മ​റ്റൊരാളെ താത്കാലികമായി നിയമിക്കണമെന്ന ശുപാർശ ഭരണസമിതി മെഡിക്കൽ ഓഫീസർക്ക് നൽകി. ഇത് ഡി.എം.ഒയ്ക്ക് കൈമാറിയെങ്കിലും തീരുമാനമായില്ല. അതിനിടെ എം.എൽ.എ മുൻ ഡ്രൈവറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ഡ്രൈവർ സാബു ചുമതല ഏറ്റെടുത്തെങ്കിലും വേതനം നൽകില്ലെന്ന നിലപാടിലായിരുന്നു ഭരണസമിതി.

സ്വകാര്യ ആംബുലൻസുകൾ കഴുത്തറപ്പൻ തുകയുമായി നാട്ടുകാരെ പിഴിയുമ്പോൾ 10 കിലോമീ​റ്റർ വരെ 300 രൂപയ്ക്ക് രോഗികളെ എത്തിച്ചിരുന്ന സംവിധാനമാണ് രാഷ്ട്രീയ പകയുടെ ഭാഗമായി തകർത്തു കളയാൻ ശ്രമിച്ചത്.