കൊച്ചി: ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും നിയമം കൈയിലെടുക്കുന്നവർക്കുമുള്ള ശക്തമായ താക്കീതാണ് കിഴക്കമ്പലം ബസ് സ്റ്റാൻഡ് വിഷയത്തിൽ ഹൈക്കോടതി നൽകിയതെന്നും വിധിയെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും ട്വന്റി20 പാർട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്.
കിഴക്കമ്പലത്ത് ഏറ്റവും ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രം, ഫൈവ് സ്റ്റാർ സൗകര്യങ്ങളോടുകൂടിയുള്ള ശുചിമുറി, കഫറ്റേരിയ, റസ്റ്റോറന്റ്, ഇ ഫെസിലിറ്റേഷൻ സെന്റർ, വനിതകൾക്കുള്ള ജിംനേഷ്യം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് ബസ് സ്റ്റാൻഡ് കോംപ്ലക്‌സ് നിർമ്മിക്കുന്നത്. റെസ്റ്റോറന്റിൽ സൗജന്യമായി ഭക്ഷണം നൽകാണ് പദ്ധതി. കിഴക്കമ്പലം വഴി കടന്നു പോകുന്ന ആർക്കും ഇവിടെ കയറി ഭക്ഷണം കഴിക്കാം. നിലവിൽ ബസ് സ്റ്റാൻഡ് നിർമാണത്തിന് കരാർ ഏറ്റെടുത്തിരിക്കുന്നവർ നിർമ്മാണ ജോലികൾ ആരംഭിക്കുകയും കെട്ടിടനിർമ്മാണം ഏതാണ്ട് പൂർത്തിയാകുകയും ചെയ്തു. ബസ് ബേ, പാർക്കിംഗ്, പാർക്കിംഗ് ഗ്രൗണ്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങളും അന്തിമ ഘട്ടത്തിലാണ്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ബസ് സ്റ്റാൻഡ് തുറന്നുകൊടുത്താൽ പല വിധത്തിലുള്ള അപകടങ്ങൾക്ക് കാരണമാകും. അതിനാലാണ് ഇപ്പോൾ തുറന്നു നൽകാത്തത്. രണ്ടു മാസത്തിനുള്ളിൽ തന്നെ ഏറ്റവും ആധുനിക രീതിയിൽ നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ എന്തു വികസന പ്രവർത്തനം നടത്തിയാലും അത് തടയുന്ന സമീപനമാണ് രാഷ്ട്രീയ പാർട്ടികളുടെയും അനുയായികളുടെയും നേതൃത്വത്തിൽ നടക്കുന്നതെന്നും സാബു എം. ജേക്കബ് കുറ്റപ്പെടുത്തി.