പറവൂർ: ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള പറവൂരിലെ ശ്രീമൂലം ജൂബിലി ക്ളബിൽ ഭരണതർക്കത്തെ തുടർന്ന് കോടതി അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചു. നിലവിലെ ഭരണസമിതി കഴിഞ്ഞ ജൂൺ 26ന് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നിശ്ചയിച്ച് നോട്ടീസ് നൽകിയതിന് ശേഷം ‌‌ജൂൺ ഏഴിന് ഒരുവിഭാഗം അംഗങ്ങൾ സമാന്തര പൊതുയോഗം വിളിച്ച് ഭരണസമിതിയെ തിരഞ്ഞെടുത്ത് ക്ളബ് ഭരണം ഏറ്റെടുത്തു. ഇതിനെതിരെ നിലവിലെ ക്ളബ് പ്രസിഡന്റ് സോമൻ ആലപ്പാട്ട്, സെക്രട്ടറി മധുസൂദനൻ എന്നിവർ പറവൂർ മുൻസിഫ് കോടതിയെ സമീപിച്ചു. ജൂൺ ഏഴിന് നടന്ന പൊതുയോഗവും തിരഞ്ഞെടുപ്പും നിയമാനുസരണമല്ല കോടതി കണ്ടെത്തി. ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താനും അതുവരെ ഭരണനിർവഹണത്തിനും സോമൻ ആലപ്പാട്ട്, ഡേവിഡ് തോട്ടപ്പിള്ളി, കെ.ഒ. പയസ് എന്നിവരുൾപ്പെട്ട അഡ്ഹോക്ക് കമ്മിറ്റിയെ കോടതി ചുമതലപ്പെടുത്തി. അഡ്വക്കേറ്റ് കമ്മീഷണർ ടി.ജി. ജയദീപിന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും മാത്രമേ ഭരണകാര്യങ്ങൾ നിർവഹിക്കാവുയെന്നും സാമ്പത്തിക കാര്യങ്ങൾ അഡ്വക്കേറ്റ് കമ്മീഷണർ നേരിട്ട് നടത്തണമെന്നും കോടതി ഉത്തരവിട്ടു.