കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ കാലിപ്പായ്ക്കറ്റുകൾ ശേഖരിച്ച് സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഭക്ഷണവിതരണത്തിൽനിന്ന് വൻതുക ലാഭമുണ്ടാകുന്ന റെയിൽവേയും ഐ.ആർ.സി.ടി.സിയും ഇതിന് ഉത്തരവാദിത്വമെടുക്കണമെന്നും കോടതി പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ വാക്കാലുള്ള നിർദ്ദേശം.
വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിൽനിന്ന് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം ഉണ്ടാകുന്നുണ്ട്. ശുചീകരണത്തിന് ചില ഏജൻസികളെ ചുമതലപ്പെടുത്തിയെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്. ഏജൻസികൾ ശേഖരിക്കുന്ന മാലിന്യങ്ങൾ എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്നതിൽ വ്യക്തതയില്ല. ഇവ ഉചിതമായി സംസ്കരിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കണം. ട്രെയിനുകളിൽനിന്ന് മാലിന്യം വലിച്ചെറിയുന്നതും നിയന്ത്രിക്കണം. ഇതിനായി റെയിൽവേ സുരക്ഷാസേനയുടെ സഹായം തേടാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ പുതിയ പ്ലാന്റിന്റെ ട്രയൽറൺ പുരോഗമിക്കുകയാണെന്ന് കൊച്ചി കോർപ്പറേഷൻ കോടതിയെ അറിയിച്ചു. പ്ലാന്റ് എത്രയുംവേഗം സജ്ജമാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി വളപ്പിലെ മലിജന ശുദ്ധീകരണ പ്ലാന്റിൽനിന്നുള്ള ഓവർഫ്ലോ തടയാൻ സംയുക്തപരിശോധന നടത്തണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് നിർദ്ദേശിച്ചു.