കൊച്ചി: മലയാളഭാഷ, സാഹിത്യം, നാടൻ കലാരൂപങ്ങൾ എന്നിവയിൽ ഗവേഷണത്തിന് അവസരമൊരുക്കി കൊച്ചിയിൽ പ്രബോധട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രൊഫ. എം.കെ. സാനു പഠനഗവേഷണ കേന്ദ്രം തുടങ്ങും. കൊച്ചിയുടെ സാമൂഹിക-സാഹിത്യചരിത്രം, കൊളോണിയൽ ഭരണസ്വാധീനം, മത-സാമൂഹിക മാറ്റങ്ങൾ, വ്യാപാര-സാമുദായിക ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ പഠിക്കാനുള്ള കേന്ദ്രമാക്കാനും ലക്ഷ്യമിടുന്നു.
പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ ചെയർമാനും ട്രസ്റ്റ് സെക്രട്ടറി ഡി. ഡി. നവീൻകുമാർ, എസ്.എൻ.വി സദനം സെക്രട്ടറി എം.ആർ. ഗീത, ഡോ. കെ. രാധാകൃഷ്ണൻ നായർ, ഡോ. ദയാൽ പാലേരി, ഡോ. സിബി കെ. ജോസഫ്, ഡോ. എൽസമ്മ ജോസഫ് അറയ്ക്കൽ, ഡോ. ഉഷ കിരൺ തുടങ്ങിയവർ ഡയറക്ടർ ബോർഡ് അംഗങ്ങളുമായിരിക്കും. പ്രബോധഭവനിൽ നടന്ന സമ്മേളനത്തിൽ ഡോ. കെ. രാധാകൃഷ്ണൻനായർ അദ്ധ്യക്ഷനായി.
ഡി.ഡി. നവീൻകുമാർ, കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ്, പുരോഗമന കലാസാംസ്‌കാരികകേന്ദ്രം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്‌കോ, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ആർ.എസ്. ഭാസ്‌കർ, ഡോ. എൽസമ്മ ജോസഫ് അറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.