കൊച്ചി: നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി. ബസുകളുടെ സമയക്രമത്തിൽ മാറ്റം അനിവാര്യമാണെന്നും കോടതി പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ സമീപ ദിവസങ്ങളിൽ രണ്ടു പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണു ജസ്റ്റിസ് അമിത് റാവൽ ഈ വിഷയം പരിഗണിച്ചത്.
സമയക്രമം പാലിക്കാൻ ബസുകൾ മരണപ്പാച്ചിൽ നടത്തുന്നുവെന്നും ഔദ്യോഗിക വാഹനത്തിൽ സഞ്ചരിക്കുമ്പോൾ പോലും സ്വകാര്യ ബസുകളുടെ വേട്ടയാടൽ ഉണ്ടായിട്ടുണ്ടെന്നും ജഡ്ജി വാക്കാൽ പറഞ്ഞു. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണം, ആവർത്തിച്ചാൽ പിഴത്തുക വർദ്ധിപ്പിക്കണം, വീണ്ടും ആവർത്തിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി.
നഗരപ്രദേശങ്ങളിൽ അഞ്ചു മിനിറ്റും ഗ്രാമ പ്രദേശങ്ങളിൽ 10 മിനിറ്റും ബസുകൾക്കിടയിൽ ഇടവേള വേണമെന്ന ശിപാർശ പരിഗണനയിലാണെന്ന് സർക്കാർ അഭിഭാഷകനായ പി. സന്തോഷ്‌കുമാർ അറിയിച്ചു. കോടതിയുടെ മുൻ ഉത്തരവ് അനുസരിച്ച് ബസുകളുടെ നിയമലംഘനങ്ങളിൽ പതിനായിരത്തിലേറെ കേസുകൾ എടുത്തിട്ടുണ്ടെന്നും 18 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തിയെന്നും ബോധിപ്പിച്ചു. ഹർജി ഈ മാസം 19ന് കോടതി വീണ്ടും പരിഗണിക്കും.