waste

കൊച്ചി: മലിന ജല സംസ്‌കരണ പ്ലാന്റ് ഇല്ലാത്തതിനേത്തുടർന്ന് നടപടി ഭീഷണി നേരിടുന്ന 71 ഫ്ളാറ്റുകളിലും മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമസ്ഥർ. ഇന്നലെ പി.സി.ബി അധികൃതർ നടത്തിയ ഹിയറിംഗിലാണ് ഫ്ളാറ്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ ആ ആവശ്യമുന്നയിച്ചത്. എസ്.ടി.പി ഇല്ലാത്ത ഫ്ളാറ്റുകൾക്ക് ചുമത്തുന്ന ലക്ഷങ്ങളുടെ വൻ പിഴ ഒഴിവാക്കണം.

ഫ്ളാറ്റുകൾക്കെല്ലാം എസ്.ടി.പി സ്ഥാപിക്കാൻ സ്ഥലമുണ്ടോ, നിലവിൽ എസ്.ടി.പി നിർമ്മിച്ചു തുടങ്ങിയവയുടെ പുരോഗതി, എസ്.ടി.പി നിർമ്മാണത്തിന് സ്ഥലമില്ലാത്ത ഫ്ളാറ്റുകളുണ്ടോ എന്നീ കാര്യങ്ങൾ പി.സി.ബി നേരിട്ടെത്തി പരിശോധിക്കണമെന്നും അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.

മലിനജലം പൊതു ടാങ്കിലേക്ക് മാറ്റണം

പ്ലാന്റുകൾ സ്ഥാപിക്കാൻ സ്ഥലമില്ലാത്ത ഫ്ളാറ്റുകളിലെ മാലിന്യം ജി.പി.എസ് ഘടിപ്പിച്ച ട്രക്കുകളിൽ പൊതു മലിനജല സംസ്‌കരണ പ്ലാന്റുകളിലേക്ക് മാറ്റണം. കലൂർ സ്റ്റേഡിയത്തിലെ 700 കെ.എൽ.ഡിയുടെ പ്ലാന്റ് ഇതിനായി പരിഗണിക്കാമോയെന്ന് അധികൃതർ ആലോചിക്കണമെന്ന് കുഫോക്ക് ആവശ്യപ്പെട്ടു. പി.സി.ബി- ജി.സി.ഡി.എ ധാരണ പുതുക്കി ഇത് സാദ്ധ്യമാക്കണമെന്നാണ് ആവശ്യം.

ഫ്ളാറ്റ് ഉടമകളുടെയും സംഘടനയുടെയും നിർദ്ദേശങ്ങൾ

എസ്.ടി.പി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സംബന്ധിച്ച് ആഗസ്റ്റ് 13നകം സത്യവാങ്‌മൂലം സമർപ്പിക്കണമെന്നാണ് പി.സി.ബിക്കും ഫ്ളാറ്റുകൾക്കും കോടതി നൽകിയ നിർദ്ദേശം. ഇതിനുള്ള സമയം നീട്ടണം.

എസ്.ടി.പി ഉള്ളവ നവീകരണം എത്രയും വേഗം പൂർത്തീകരിക്കണം.

എസ്.ടി.പി നിർമ്മാണത്തിന് സ്ഥലമുള്ള ഫ്ളാറ്റുകളും നിർമ്മാണം ആരംഭിച്ചവരും നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണം.

സ്ഥലമില്ലാത്ത ഫ്‌ളാറ്റുകൾക്ക് എന്താണ് ചെയ്യുക എന്നത് പരിശോധിക്കണം

കോടതിയിലേക്ക്

എസ്.ടി.പി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകളും സമയം നീട്ടി കിട്ടേണ്ടതിന്റെ ആവശ്യകതയും അറിയിക്കുന്നതിനായി ഫ്ളാറ്റ് ഉടമകളുടെ സംഘടന ഉടൻ കോടതിയെ സമീപിക്കും. ഇതിനു മുന്നോടിയായി നോട്ടീസ് ലഭിച്ച മുഴുവൻ ഫ്ളാറ്റുകളുടെയും യോഗം ഉടൻ ചേരും.


ഫ്ളാറ്റ് ഉടമകളുടെ പ്രശ്‌നങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടില്ലെന്നു നടിക്കരുത്. സമയം അനുവദിക്കണം.
സാജു എബ്രഹാം ജോസഫ്
സംസ്ഥാന ചെയർമാൻ,

കൺസോർഷ്യം ഒഫ് ഫ്‌ളാറ്റ് ആൻഡ് വില്ലാസ് ഓണേഴ്‌സ് അസോസിയേഷൻ