robbery

കോതമംഗലം: നെല്ലിക്കുഴിയിൽ പട്ടാപ്പകൽ ആളില്ലാതിരുന്ന വീട്ടിൽ നിന്ന് എട്ട് പവൻ ആഭരണങ്ങളും ലാപ്‌ടോപ്പും മോഷണം പോയി. വേങ്ങത്താല ഈസയുടെ വീട്ടിൽ ഇന്നലെ രാവിലെ എട്ടിനും ഉച്ചയ്ക്ക് 12.30നും ഇടയിലാണ് കവർച്ച. വീട് പൂട്ടിയശേഷം ഈസയുടെ ഭാര്യ ഷാജിത സമീപത്ത് മറ്റൊരു വീട് നിർമ്മിക്കുന്നിടത്തേക്ക് പോയിരുന്നു. ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടതും മോഷണം നടന്നതായി മനസിലാക്കിയതും. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് കോതമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും എത്തി.

ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയാണ് വീട്. താഴത്തെ നില കടമുറിയാണ്. ഗ്രിൽ കൊണ്ടുള്ള ജനൽ, കൈകൊണ്ട് തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. തുണിയും മറ്റും വച്ചിരുന്ന അലമാരയിലാണ് സ്വർണാഭരണങ്ങൾ സൂഷിച്ചിരുന്നത്. അലമാര പൂട്ടിയിരുന്നെങ്കിലും താക്കോൽ അവിടെത്തന്നെ ഉണ്ടായിരുന്നു. മാല, ലോക്കറ്റ്, കമ്മൽ എന്നിവയാണ് നഷ്ടപ്പെട്ടത്. രണ്ട് ലാപ്‌ടോപ്പുകൾ ഉണ്ടായിരുന്നതിൽ പുതിയതാണ് കള്ളൻ കൊണ്ടുപോയത്. ഈസ-ഷാജിത ദമ്പതികളുടെ മകൾ ഫാത്തിമയുടേതാണ് സ്വർണാഭരണങ്ങൾ.

മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് ഊർജ്ജിത ശ്രമത്തിലാണ്. പ്രദേശത്തെ സി.സി ടി.വി.ക്യമറാ ദൃശ്യങ്ങളുൾപ്പെടെ പരിശോധിക്കുന്നുണ്ട്. ജനത്തിരക്കുള്ള നെല്ലിക്കുഴി ടൗണിനും പഞ്ചായത്ത് ഓഫീസിനുമെല്ലാം സമീപത്താണ് മോഷണം നടന്ന വീട്. അന്യസംസ്ഥാന തൊഴിലാളികൾ ധാരാളമുള്ള പ്രദേശംകൂടിയാണിത്. വീടിനെക്കുറിച്ച് അറിയാവുന്നവരാകും മോഷ്ടാക്കൾ എന്നാണ് നിഗമനം. ഫർണ്ണിച്ചർ വ്യാപാര കേന്ദ്രമായ നെല്ലിക്കുഴിയിൽ പട്ടാപ്പകൽ നടന്ന മോഷണം വ്യാപാരികളെയും നാട്ടുകാരെയും ആശങ്കപ്പെടുത്തുന്നുണ്ട്.