പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ 1, 2, 3 വാർഡുകളിൽപ്പെട്ട ചേരാനല്ലൂർ, മങ്കുഴി, നടുത്തുരുത്ത് ഓച്ചം തുരുത്ത് ഭാഗങ്ങളിൽ ഭൂമിയുടെ അടിസ്ഥാന വിലയിൽ വന്നിരിക്കുന്ന മാറ്റത്തിൽ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും സർവയറും അടക്കമുള്ള ഉദ്യോഗസ്ഥ ടീം രൂപീകരിച്ച് ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് എറണാകുളം എ.ഡി.എം പി. വിനോദ് രാജ് പറഞ്ഞു. ബി.ജെ.പി നേതാക്കളും ബന്ധപ്പെട്ട കക്ഷികളും പങ്കെടുത്ത ഹിയറിംഗിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നേതാക്കളായ ദേവച്ചൻ പടയാട്ടിൽ, പി. സുനിൽകുമാർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഭൂമിയുടെ അടിസ്ഥാന വിലയിൽ വന്നിരിക്കുന്ന മാറ്റം പരിഹരിക്കണമെന്നും കരഭൂമികൾ നിലമായി മാറ്റിയത് തരം മാറ്റി കരഭൂമി തന്നെ ആക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി വിജിലൻസിനും കളക്ടർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എ.ഡി.എം വിനോദ് രാജ് ഇന്നലെ ബന്ധപ്പെട്ടവരെ ഹിയറിംഗിന് വിളിച്ചത്.
എന്നാൽ 2016ൽ ക്ലറിക്കൽ മിസ്റ്റേക്ക് എന്ന പേരിൽ ഈ പ്രദേശത്തെ 125 ഓളം ഏക്കർ കരഭൂമി നിലമായി രേഖപ്പെടുത്തിയിരിക്കുന്നത് മാറ്റണമെങ്കിൽ 2018ലെ നെൽവയൽ സംരക്ഷണ നിയമം നിലവിലുള്ളതിനാൽ സർക്കാർ ഇടപെടൽ ഉണ്ടായാൽ മാത്രമാണ് പരിഹരിക്കാൻ സാധിക്കുകയുള്ളൂവെന്നും എ.ഡി.എം വിനോദ് രാജ് പറഞ്ഞു.
നിലവിലെ അവസ്ഥയിൽ സാധാരണക്കാരന് ബാങ്ക് ലോണോ എടുക്കാനോ, സ്ഥലം ഈട് വച്ച് സാമ്പത്തിക ഇടപാടുകളോ നടത്തുവാനോ സാധിക്കുന്നില്ല. അടിസ്ഥാനവിലയിലെ അപാകതകൾ പരിഹരിക്കാം എന്ന് ഉറപ്പു കിട്ടിയെങ്കിലും തരം മാറ്റത്തിൽ തീരുമാനമാകാത്തത് ജനങ്ങളെ ആശങ്കാകുലരാക്കുന്നു. എൽദോസ് കുന്നപ്പിള്ളി അടക്കമുള്ള ജനപ്രതിനിധികൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, നേതാക്കളായ പി. അനിൽകുമാർ, അരുൺ കോടനാട്, ലിഷാ രാജേഷ്, അഡ്വ.സജീവ് പി. മേനോൻ, അജിൽകുമാർ മനയത്ത്, പി.ടി. ഗോപകുമാർ, പി.ആർ. സലി, ശ്രീജിത്ത് എന്നിവർ ആവശ്യപ്പെട്ടു.