പെരുമ്പാവൂർ: മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട യുവതിയെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിലടച്ചു. കൂവപ്പടി കാവുംപുറം വയൽത്തറ വീട്ടിൽ സ്വാതി കൃഷ്ണയെയാണ് (31) തിരുവനന്തപുരം വനിതാ ജയിലിലടച്ചത്. ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മാർച്ചിൽ 20 ഗ്രാം എം.ഡി.എം.എയുമായി അങ്കമാലിയിൽ പോലീസ് സ്വാതിയെ പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന രാസലഹരി പൊലീസ് സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. വേറെയും മയക്കുമരുന്ന് കേസുകളിൽ ഇവർ പ്രതിയാണ്. ഇൻസ്പെക്ടർ ജി.പി. മനുരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇതോടെ റൂറൽ ജില്ലയിൽ പിറ്റ് നിയമപ്രകാരം ജയിലിലടച്ചവരുടെ എണ്ണം പതിനെട്ടായി.