കൊച്ചി: കാക്കനാട് ജില്ലാ ജയിലിലുള്ള മഴവെള്ള സംഭരണിയുടെ അറ്റകുറ്റപ്പണിക്കുള്ള 23,87,000 രൂപയുടെ എസ്റ്റിമേറ്റ് എത്രയുംവേഗം ആഭ്യന്തര വകുപ്പിന് ജയിൽവകുപ്പ് മേധാവി കൈമാറണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
ജയിൽമേധാവിയുടെ കത്തുലഭിച്ച് ഒരുമാസത്തിനുള്ളിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. ജയിലുകളിൽ ഒരു കാരണവശാലും ജലദൗർലഭ്യമുണ്ടാകരുതെന്നും ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ ഉത്തരവിൽ പറയുന്നു.
നിലവിൽ നാലുദിവസം കൂടുമ്പോഴുള്ള ജലവിതരണം മൂന്നുദിവസം കൂടുമ്പോഴാക്കാൻ ജലഅതോറിട്ടി സൂപ്രണ്ടിംഗ് എൻജിനിയർ നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ജില്ലാ ജയിലിൽ ദിനംപ്രതി 40,000ലിറ്റർ വെള്ളംആവശ്യമാണെന്നും ജല അതോറിട്ടിയിൽ നിന്നുള്ള വെള്ളം പര്യാപ്തമല്ലെന്നും ജയിൽ അധികൃതർ അറിയിച്ചു. ചില ആഴ്ചകളിൽ കൃത്യമായി വെള്ളം ലഭിക്കാറില്ല. 1,50,000ലിറ്റർ വെള്ളം ശേഖരിക്കാവുന്ന സംഭരണിക്ക് കേടുപാടുകൾ സംഭവിച്ചതായും ബോധിപ്പിച്ചു.
സംഭരണശേഷിയുടെ ശേഷിക്കുറവുകൊണ്ടാണ് കുടിവെള്ള ക്ഷാമമുണ്ടാകുന്നതെന്നായിരുന്നു ജല അതോറിട്ടിയുടെ വാദം.