covid

കൊച്ചി: കൊവിഡിനുശേഷം ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉയരുന്നുവെന്ന് ഹൃദ്രോഗവിദഗ്ദ്ധർ. ഇന്ത്യയിൽ പഠനങ്ങൾ കുറവാണെങ്കിലും വിദേശരാജ്യങ്ങളിലെ കൊവിഡാനന്തര ഗവേഷണങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നു. കൊവിഡ് ഭേദമായാലും തു‌ടർന്നുള്ള വർഷങ്ങളിൽ അവയവങ്ങൾക്ക് വീക്കം (ഇൻഫ്ലമേഷൻ) ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ വരാം. ലോംഗ് കൊവിഡ് സിൻഡ്രം, പോസ്റ്റ്‌ കൊവിഡ് സിൻഡ്രം എന്നാണ് ആരോഗ്യശാസ്ത്രത്തിൽ ഇതറിയപ്പെടുന്നത്. ഏറ്റവും കൂടുതൽ ബാധിച്ചത് ഹൃദയത്തെയാണ്. ഹൃദയത്തിന്റെ മൂന്നറകളിലെ ഉൾവശത്തെ അറയായ 'എൻഡോകാർഡിയ’ത്തിന്റെ വീക്കമാണ് കൊവിഡാനന്തര ഹൃദയാഘാത നിരക്കിന് ഇടയാക്കുന്നതെന്നാണ് പുതിയ നിഗമനം. ഉള്ളറയിലെ ഈ വീക്കം രക്തധമനികൾ അടയാനുള്ള പ്രധാന കാരണമാകുന്നു.

 ഹൃദയാരോഗ്യം ഉറപ്പാക്കണം

ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീണ് മരിക്കുന്നതിനു പ്രധാന കാരണം അവയവവീക്കമാണെന്ന് ഹൃദ്രോഗവിദഗ്ദ്ധർ കരുതുന്നു. രോഗങ്ങളൊന്നുമില്ലാത്തവരും കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടുംമുമ്പ് ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി ഉറപ്പാക്കണം.

 സെൽഫ് സി.പി.ആറും ആസ്പിരിൻ ഗുളികകളും

ഹൃദയാഘാത സാദ്ധ്യതയുള്ളപ്പോൾ, ചുമയ്ക്കുന്നത് വായു ചംക്രമണത്തിനും ശ്വാസകോശങ്ങൾ ഇരുവശത്തുനിന്ന് ഹൃദയത്തെ തള്ളുന്നതിനും ഇടയാക്കും. ഇത് ഹൃദയമിടിപ്പ് കൂട്ടാൻ സഹായിക്കും. ആസ്പിരിൻ ഗുളികകൾ കഴിക്കുന്നതും പ്രയോജനം ചെയ്യും. സ്ഥിരമായി ഹൃദയസംബന്ധമായ പ്രശ്നമുള്ളവർ ഡോക്ടറുടെ ഉപദേശപ്രകാരം ആസ്പിരിൻ കൈവശം കരുതുന്നത് ഒരുപരിധിവരെ സുരക്ഷിതമാണ്.

 നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. ചുമയ്ക്കുന്നതുപോലെ സ്വയം നൽകുന്ന സി.പി.ആർ ജീവൻ തത്കാലത്തേക്ക് പിടിച്ചുനിറുത്തിയേക്കും.

-ഡോ. ജോസ് ചാക്കോ പെരിയപ്പുറം,

ഹ‌ൃദ്രോഗവിദഗ്ദ്ധൻ