നെടുമ്പാശേരി: ദേശം കുന്നുംപുറം അമ്പാട്ട് കോളനിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വീടുകൾക്ക് നാശനഷ്ടം. ഇരുവീടുകളിലും താമസക്കാർ ഇല്ലാതിരുന്നത് ആളപായം ഒഴിവാക്കി.
കോളനിയിൽ തോപ്പിൽപറമ്പിൽ പ്രഭാ ദിലീപ് താമസിക്കുന്ന ഷെഡ് പൂർണമായും അയൽവാസി ഷാജിയുടെ വീട് ഭാഗികമായും കത്തിനശിച്ചു. ഷാജിയുടെ വീട്ടിലെ വാഷിംഗ് മെഷീൻ അടക്കമുളള വീട്ടുപകരണങ്ങളാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി 8.30നായിരുന്നു അപകടം. വീട്ടിലെ ഏക അംഗമായ പ്രഭാ ദിലീപ് അടുത്ത വീട്ടിൽ ടി.വി കാണാൻ പോയപ്പോഴാണ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഷെഡിന് തീപിടിച്ചത്. ഷാജിയും കുടുംബവും ബംഗളൂരുവിലായിരുന്നു.
ഓടിയെത്തിയ നാട്ടുകാർ തീ കെടുത്തിയതിനാൽ കൂടുതൽ അപകടം ഒഴിവായി. ആലുവ അഗ്നിരക്ഷാസേന എത്തിയാണ് തീ പൂർണമായും അണച്ചത്.