pamplani
ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതുടെ ഭരണച്ചുമതല വഹിക്കുന്ന ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിക്കെതിരെ സഭാനുകൂല വിശ്വാസികളുടെ സംഘടനകൾ കരുനീക്കം ശക്തമാക്കി. ഏകീകൃത കുർബാനയെ എതിർത്ത വൈദികരുമായി സമവായം സൃഷ്‌ടിച്ചത് മുതൽ ആരംഭിച്ച വിയോജിപ്പാണ് സഭാകോടതിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ രൂക്ഷമായത്.

കത്തോലിക്കാസഭയുടെ കാനൻ നിയമം ലംഘിക്കുന്ന ജോസഫ് പാംപ്ളാനി, മാർപ്പാപ്പയെ പരസ്യമായി വെല്ലുവിളിക്കുകയാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്‌മെന്റ് നേതൃയോഗം ആരോപിച്ചു. പാംപ്ളാനിയെ തള്ളിപ്പറയാൻ കത്തോലിക്കാ മെത്രാൻ സമിതി തയ്യാറാകണം. സഭയെ പിളർത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. സഭാവിരുദ്ധരോടൊപ്പം വേദി പങ്കിടുന്ന അദ്ദേഹം അതിരൂപതയിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് കുർബാനയെ വരെ അട്ടിമറിക്കുകയാണ്. സഭാവിരുദ്ധ പ്രവർത്തനമാണിത്. അച്ചടക്കം നടപ്പാക്കേണ്ടവർ നിയമലംഘകരും തലവന്മാരുമായാൽ സഭ നശിക്കും. അദ്ദേഹത്തെ അടിയന്തരമായി മെത്രാൻ സമിതിയിൽ നിന്ന് പുറത്താക്കണമെന്ന് അഡ്വ. മത്തായി മുതിരേന്തി അദ്ധ്യക്ഷത വഹിച്ച യോഗം ആവശ്യപ്പെട്ടു.

നിയമങ്ങൾ ലംഘിച്ചു, ഇല്ലാത്ത

അധികാരം പ്രയോഗിച്ചു

സഭാനിയമങ്ങൾ ലംഘിച്ചതിന് നടപടികൾ നേരിടുന്ന എറണാകുളം ബെസലിക്ക മുൻ അഡ്മിനിസ്‌ട്രേറ്റർ ഫാ. വർഗീസ് മണവാളനെ ജോസഫ് പാംപ്ലാനി സംരക്ഷിക്കുന്നതിനെ സഭാ പ്രത്യേക കോടതി വിമർശിച്ചിരുന്നു. മുമ്പും ഇതേ വിഷയത്തിൽ താക്കീതിനും കുറ്റപ്പെടുത്തലുകൾക്കും വിമർശനങ്ങൾക്കും പാംപ്ലാനി വിധേയനായിട്ടുണ്ട്.
ഫാ. മണവാളന് അനധികൃതമായി മെഡിക്കൽ അവധി അനുവദിച്ചത് മെത്രാപ്പോലീത്തൻ വികാരിയെന്ന നിലയിലില്ലാത്ത അധികാരമാണെന്ന് കോടതി വിമർശിച്ചിരുന്നു. ഇത്തരം നടപടികളെ മേജർ ആർച്ച് ബിഷപ്പ് നിയന്ത്രിക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.

പാംപ്ലാനി അനുവദിച്ച മെഡിക്കൽ അവധി അനധികൃതമാണെന്നും സസ്‌പെൻഷൻ മൂലം നിർബന്ധിത അവധിയിൽ കഴിയുന്ന വൈദികന് മെഡിക്കൽ ലീവ് അനുവദിക്കാൻ മേജർ ആർച്ച് ബിഷപ്പിന്റെ വികാരിക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കുന്നു.