കൊച്ചി: യാത്രക്കാർക്ക് ദുരിതമായി നഗരത്തിലെ കാത്തിരിപ്പ് കേന്ദ്രങ്ങളും ബസ് സ്റ്റോപ്പുകളും. ബസ് സ്റ്റോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുകയും ബസ് നിറുത്തേണ്ട സ്ഥലങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നഗരത്തിൽ. അധികാരികളുടെ നിസംഗതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

എം.ജി റോഡിലെ കെ.പി.സി.സി. ജങ്ഷനിൽ അടുത്തിടെ നിർമ്മിച്ച വെയിറ്റിംഗ് ഷെഡിന്റെ മുന്നിൽ ഒരിക്കൽ പോലും ബസുകൾ നിറുത്താറില്ല. മേനക ഭാഗത്ത് നിന്ന് വരുന്ന ബസുകൾ അപകടകരമായ രീതിയിലാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. വെയിറ്റിംഗ് ഷെഡിൽ കാത്തുനിൽക്കുന്ന യാത്രക്കാർ ഓടിച്ചെന്ന് ബസിൽ കയറണം.

എറണാകുളം ഡി.സി.സി ഓഫീസിന് എതിർവശത്തുള്ള ഉപേക്ഷിക്കപ്പെട്ട വെയിറ്റിംഗ് ഷെഡിന്റെയും സ്ഥാതി വ്യത്യസ്ഥമല്ല. ഇവിടെ ബസ് സ്റ്റോപ്പ് ഇല്ലാത്തതിനാൽ വർഷങ്ങളായി ഇത് നോക്കുകുത്തിയായി നിലനിൽക്കുന്നു. അടുത്തിടെ മഹാരാജാസ് കോളേജ് മെട്രോ സ്റ്റേഷനിലെ പഴയ വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുന്നുണ്ടെങ്കിലും ഇത് യാത്രക്കാർക്ക് പ്രയോജനപ്പെടുമോയെന്ന് കണ്ടറിയണം.

 വിദ്യാർത്ഥികൾ ദുരിതത്തിൽ

എറണാകുളം സൗത്തിലെ ഗവ. ഗേൾസ് ഹൈസ്‌കൂളിന് മുന്നിൽ രണ്ട് വെയിറ്റിംഗ് ഷെഡുകളുണ്ടെങ്കിലും അവിടെ ബസുകൾ നിറുത്താറില്ല. ഡ്രൈവർമാർക്ക് സ്‌കൂൾ കവാടത്തിൽ തന്നെ ബസ് നിറുത്തണമെന്ന നിർബന്ധമുള്ളതിനാലാണ് ഇത്. വൈകിട്ട് സ്‌കൂൾ വിടുമ്പോൾ വിദ്യാർത്ഥികൾ പുറത്തേക്ക് വരുമ്പോൾ ബസുകൾ അശാസ്ത്രീയമായി നിറുത്തുന്നത് അപകടത്തിന് കാരണമാകുമെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് ട്രാഫിക് പൊലീസ് കുറച്ച് ചുവപ്പ് ബാരിയറുകൾ നിരത്തിവച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി.

 കാത്തിരിപ്പ് കേന്ദ്രങ്ങളില്ല

നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ഇയാട്ടുമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഒരു കാത്തിരിപ്പ് കേന്ദ്രം പോലുമില്ല. മുനിസിപ്പൽ കോർപ്പറേഷൻ, ജി.സി.ഡി.എ., കെ.എസ്.എം.എൽ., മെട്രോ റെയിൽ കോർപ്പറേഷൻ തുടങ്ങിയ വിവിധ ഏജൻസികളാണ് നഗരവികസനത്തിന് മേൽനോട്ടം വഹിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് രൂപ ഇതിനായി ചെലവഴിക്കുന്നുണ്ടെങ്കിലും, ഈ പണം ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല എന്നതിന്റെ തെളിവാണ് ഇത്തരം നോക്കുകുത്തികളായി മാറിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ.