കൊച്ചി: കടമക്കുടി ദ്വീപ് സമൂഹങ്ങളുടെ പ്രകൃതിഭംഗിയും മത്സ്യഭക്ഷണ വൈവിദ്ധ്യവും ആസ്വദിക്കാൻ 12, 13 തീയതികളിൽ കടമക്കുടി കാഴ്ചകൾ എന്ന പേരിൽ കായൽയാത്രയും വിനോദസഞ്ചാര സെമിനാറും നടത്തുമെന്ന് സംഘാടകസമിതി ചെയർമാൻ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കടമക്കുടി ഹെവൻ ഒഫ് വാലി എന്ന പേരിലാണ് പരിപാടി.
ബോൾഗാട്ടി റോറോ ജെട്ടിയിൽ ചൊവ്വാഴ്ച രാവിലെ 10.30ന് വ്യവസായമന്ത്രി പി.രാജീവ് കടമക്കുടി കാഴ്ചകൾ ഉദ്ഘാടനം ചെയ്യും. കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ഡി.ടി.പി.സി സെക്രട്ടി ലിജോ ജോസഫ് സംസാരിക്കും. 13ന് രാവിലെ 10ന് ടൂറിസം സെമിനാർ കോതാട് നിഹാര റിസോർട്ടിൽ നടക്കും. കലാപരിപാടികളുമുണ്ടാകും.
വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനറായ ജിഡ സെക്രട്ടറി രഘുരാമൻ, കോഓർഡിനേറ്റർമാരായ ലിജോ ജോസഫ്, മനോജ് പടമാടൻ എന്നിവരും പങ്കെടുത്തു.
* കടമക്കുടി പ്രയാണം
കടമക്കുടി കാഴ്ചകളുടെ ഉദ്ഘാടനത്തെ തുടർന്ന് കടമക്കുടിയിലേക്ക് സൗജന്യ ബോട്ടുയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഇടത്താവളങ്ങളിൽ ലഘുഭക്ഷണവും തെയ്യം, ശിങ്കാരിമേളം, നാടൻപാട്ട് എന്നിവയുമുണ്ടാകും. ഉച്ചഭക്ഷണവും കഴിഞ്ഞ് മടക്കയാത്ര. ആദ്യമെത്തുന്ന 250 പേർക്കാണ് യാത്രാസൗകര്യം. ഫോൺ: 8301063717.