കെച്ചി: മയക്കുമരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനുമെതിരെ കെ.പി.സി.സി ആഹ്വാനംചെയ്‌ത കൂട്ടനടത്തത്തിൽ മുതിർന്ന നേതാക്കളും പ്രവർത്തകരും അണിചേർന്നു. ''ലഹരി മരുന്നുകളുടെ അടിമത്വത്തിൽനിന്ന് സ്വബോധത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഒരുമിച്ച് നടക്കാം'' എന്ന മുദ്രാവാക്യമുയർത്തി കലൂർ സ്റ്റേഡിയം മുതൽ മറൈൻഡ്രൈവുവരെ ആയിരങ്ങൾ പങ്കാളികളായി.
കൂട്ടനടത്തത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ, എം.പിമാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ റോജി എം. ജോൺ, ടി.ജെ. വിനോദ്, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പള്ളി, ഉമ തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി.
സർക്കാർ നിസംഗം: കെ.സി. വേണുഗോപാൽ
മയക്കുമരുന്നു വ്യാപനം തടയുന്നതിൽ നിസംഗമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി. പറഞ്ഞു. മയക്കുമരുന്ന് വ്യാപനത്തിന്റെ ശക്തി ഭീതിദമായി കൂടുകയാണ്. മയക്കുമരുന്നുകൾ വരുന്ന വഴികൾ അറിഞ്ഞിട്ടും പ്രതിരോധിക്കുന്നില്ല, കേരളം മയക്കുമരുന്ന് മാഫിയ കൈയടക്കി. ഇതിനെതിരായ സർക്കാർ നടപടികൾക്ക് പ്രതിപക്ഷം പൂർണപിന്തുണ നൽകും. മയക്കുമരുന്നു നിർമ്മാർജ്ജനപ്രവർത്തനങ്ങളിൽ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.