j

ചോറ്റാനിക്കര: മുളന്തുരുത്തി തുപ്പുംപടി ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകട ഭീഷണി ഉയർത്തുന്നു. 20 വർഷം മുമ്പ് മുളന്തുരുത്തി പഞ്ചായത്ത് നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ നാട്ടുകാർക്ക് തലവേദനയാണ്.

പുതിയ പെട്രോൾ പമ്പ് വന്നതോടെ ഇവിടെ അപകടങ്ങൾ വർദ്ധിക്കാനും തുടങ്ങി. സിഗ്‌നൽ സംവിധാനങ്ങളില്ലാത്ത മൂന്ന് വഴികൾ ചേരുന്ന ഈ ജംഗ്ഷനിൽ ഓട്ടോ സ്റ്റാൻഡും അതിനോട് ചേർന്നുള്ള വെയ്റ്റിംഗ് ഷെഡും കാഴ്ച മറയ്ക്കുന്നതാണ് അപകടത്തിന് കാരണം. പെട്രോൾ പമ്പിൽ നിന്ന് വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങളും റോഡിലെ തിരക്ക് വർദ്ധിപ്പിക്കുന്നു.

 കെട്ടിടം മാറ്റണം

റോഡിന് നടുവിലായി അശാസ്ത്രീയമായി സ്ഥിതി ചെയ്യുന്ന കെട്ടിടം മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ലക്ഷങ്ങൾ മുടക്കി കെട്ടിടം നവീകരിക്കുകയാണ് ചെയ്തത്. വീതി കുറഞ്ഞ റോഡിലേക്ക് ഇറക്കി രണ്ട് പടികൾ കൂടി നിർമ്മിച്ചത് അപകടസാദ്ധ്യത ഇരട്ടിയാക്കി. വളരെ കുറച്ച് യാത്രക്കാർ മാത്രം ഉപയോഗിക്കുന്ന കെട്ടിടം കൂടുതലും തെരുവ് നായകളുടെ താവളമാണെന്ന് നാട്ടുകാർ പറയുന്നു.

 റോഡിലെ തിരക്കും കൂടി

പുതിയ ബാർ ഹോട്ടലും സമീപത്തെ കമ്പനികളിലെ ജീവനക്കാരുടെ വർദ്ധനവും കാരണം ഇവിടെ റോഡിലെ തിരക്ക് കൂടി. കാലത്തിനനുസരിച്ച് റോഡിന്റെ വീതി കൂട്ടുന്നതിനും അധികൃതർ തയ്യാറായിട്ടില്ല.

നാലു പതിറ്റാണ്ട് മുമ്പ് അശാസ്ത്രീയമായ രീതിയിൽ സ്ഥാപിച്ചിട്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തിരക്കേറിയ കാലഘട്ടത്തിൽ ഗതാഗതക്കുരുക്കും അപകടങ്ങളും സൃഷ്ടിക്കുമ്പോൾ അധികാരികൾ മൗനത്തിലാണ്. ഇതിനെതിരെ റോഡ് സേഫ്റ്റി കൗൺസിലിൽ പരാതി നൽകും.
തമ്പി പാലക്കൽ
മുൻ ചോറ്റാനിക്കര പഞ്ചായത്ത് അംഗം