കൊച്ചി: എൻ.സി.പിയുടെ പേരിൽ വനംവകുപ്പിൽ വൻതൊഴിൽതട്ടിപ്പ് നടക്കുന്നതായി എൻ.സി.പി അജിത് പവാർ വിഭാഗം സംസ്ഥാന പ്രസിഡന്റും ദേശീയ ജനറൽ സെക്രട്ടറിയുമായ എൻ.എ. മുഹമ്മദ് കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.സി.പിയുടെ വ്യാജലെറ്റർ ഹെഡിലെ തന്റെ പേരിലുള്ള കത്തും വനംവകുപ്പ് മേധാവിയുടെ ഒപ്പും സീലുമുള്ള വ്യാജകത്തും ചമച്ചാണ് തട്ടിപ്പ്. പൊലീസിനും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. ഒരു നടപടിയും പ്രതീക്ഷിക്കുന്നില്ല. ഉദ്യോഗാർത്ഥികൾ വഞ്ചിതരാകാതിരിക്കാനാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
എൻ.സി.പി ശരദ് പവാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ വൻവെട്ടിപ്പാണ് വനംവകുപ്പിൽ നടക്കുന്നത്. ഒൗദ്യോഗിക എൻ.സി.പിയുടെ ഭാഗമല്ലാത്ത എം.എൽ.എമാരെയും തദ്ദേശസ്ഥാപന അംഗങ്ങളെയും പുറത്താക്കണമെന്ന് കത്ത് നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കേസുകളും പുരോഗമിക്കുകയാണെന്ന് മുഹമ്മദ് കുട്ടി പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കല്ലറ മോഹൻദാസ്, ബ്രിഗേഡിയർ എൻ. ബാലൻ, ജില്ലാ പ്രസിഡന്റ് കെ. ജയപ്രകാശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.