cpr

കോതമംഗലം: ഷോക്കേറ്റ് വീണ കാക്കയ്ക്ക് സി.പി.ആറിലൂടെ പുനർജന്മം നൽകി പൊതുപ്രവർത്തകൻ. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും ഹജ്ജ് ക്യാമ്പിലെ വൊളണ്ടിയറുമായ പരീത് പട്ടമ്മാവുടിയാണ് ഈ രക്ഷാപ്രവർത്തനം നടത്തിയത്.

നെല്ലിക്കുഴി കമ്പനിപ്പടിയിൽ ഇന്നലെ രാവിലെയാണ് സംഭവം. സമീപത്തെ ഹോട്ടലിൽ ചായകുടിക്കുമ്പോഴാണ് വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് നിലത്തുവീണ് പിടയുന്ന കാക്കയെ പരീത് കാണുന്നത്. ആദ്യം മടിച്ചെങ്കിലും ജീവൻ തിരികെ നൽകാൻ ഒരു കൈ നോക്കാം എന്ന് അദ്ദേഹത്തിന് തോന്നി.

അങ്ങനെ കാക്കയെ കയ്യിലെടുത്ത് കൃത്രിമ ശ്വാസം നൽകി.പാലിയേറ്റീവ് പരിചരണ രംഗത്തുണ്ടായിരുന്ന പരിചയവും കേട്ടറിവും ആണ് സി.പി.ആർ.നൽകാൻ അദേഹത്തിന് സഹായകരമായത്. ജീവൻ തിരിച്ചുകിട്ടിയ കാക്ക പിന്നീട് പറന്നുയരുകയും ചെയ്തു.

പരീത് രക്ഷാപ്രവർത്തനം നടത്തുമ്പോഴെല്ലാം മറ്റു കാക്കകൾ പരിസരത്ത് ബഹളം വക്കുന്നുണ്ടായിരുന്നു.അവ ആക്രമിക്കാൻ ശ്രമിക്കാതിരുന്നതും രക്ഷാദൗത്യം പൂർത്തിയാക്കാൻ സഹായകരമായി.