പിറവം : ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി പിറവം ടൗൺ. പോസ്റ്റോഫീസ് ജംഗ്ഷൻ മുതൽ കരവട്ടേകുരിശ് വരെയുള്ള ഭാഗത്ത് വൻ ഗതാഗത തടസമാണ് നേരിടുന്നത്. മതിയായ പാർക്കിംഗ് സൗകര്യം ഒരുക്കാതെ സ്വകാര്യമാൾ പ്രവർത്തനം ആരംഭിച്ചതോടെയാണ് പള്ളിക്കവല കേന്ദ്രീകരിച്ച് ഗതാഗത തടസം ആയത്. ചില സമയങ്ങളിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലേക്ക് വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടും.
പ്രശ്നം പരിഹരിക്കാൻ പ്രത്യേക യോഗം ചേർന്ന് തീരുമാനം എടുത്തെന്ന് അധികൃതർ പറയുന്നു. യോഗത്തിൽ ആശുപത്രിപ്പടിയിലും ദേവീപ്പടിയിലുമുള്ള അപകടകരമായ പാഴ് മരങ്ങൾ മറിച്ചു നീക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
യോഗത്തിൽ ബസ് ഡ്രൈവർമാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. പിറവത്തു നിന്ന് ഇടയാർ വഴി കൂത്താട്ടുകുളം ഭാഗത്തേക്കും ഇലഞ്ഞി - പാലാ ഭാഗത്തേക്കും പോകുന്ന ബസുകൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ കയറ്റണം. അതുപോലെ തന്നെ മൂവാറ്റുപുഴ ഭാഗത്തേക്കുള്ള ബസുകൾ ജംഗ്ഷനിൽ നിർത്താതെ മുന്നോട്ടു മാറ്റി നിർത്തി യാത്രക്കാരെ കയറ്റണം. പിറവം പ്രൈവറ്റ് സ്റ്റാൻഡിൽ ബസുകൾ പുറപ്പെടുന്നതിന് മുമ്പ് സ്റ്റാൻഡിൽ വട്ടം പാർക്ക് ചെയ്യാതെ കടന്നു പോകണം.
ഗതാഗത പരിഷ്കാരം തകർന്നു
ബസ് സ്റ്റാൻഡിന് മുൻവശത്തെ അനധികൃത പാർക്കിംഗാണ് ആ ഭാഗത്ത് കുരുക്കിന് കാരണമാകുന്നത്. കരവട്ടേകുരിശിൽ പച്ചക്കറിക്കട റോഡിലേക്ക് ഇറക്കി വച്ചിരിക്കുന്നത് ഗതാഗത തടസമുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു. വാഹനം റോഡിൽ നിർത്തി സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുന്നതും പതിവാണ്. പിറവത്ത് ഏർപ്പെടുത്തിയ ഗതാഗത പരിഷ്‌കാരങ്ങൾ പൂർണമായും തകർന്നതും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. വൺ വേ സംവിധാനം ഏർപ്പെടുത്തിയ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പിറവം ടൗണിൽ പൊതുവായ പാർക്കിംഗ് സൗകര്യം ഇല്ലാത്തതും പ്രതിസന്ധിയാണ്.
നിർദ്ദേശങ്ങൾ
പിറവം പട്ടണത്തിൽ നഗരസഭയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഗതാഗത പരിഷ്കാരം വീണ്ടും കർശനമാക്കും.
കിഴക്കൻ മേഖലകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ടൗണിൽ എം.എൽ.എ റോഡിലേക്ക് പ്രവേശിക്കുന്നത് ബോർഡ് സ്ഥാപിച്ച് തടയും
ടൗണിൽ നേരത്തെ സ്ഥാപിച്ച സൈൻ ബോർഡുകൾ പുന: സ്ഥാപിക്കും
പിറവം താലൂക്ക് ആശുപത്രിപ്പടിയിലെ പൊളിഞ്ഞു വീഴാറായ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുനീക്കി കുന്നേൽപള്ളിക്ക് എതിർവശത്ത് നിർമ്മിച്ചിരിക്കുന്ന വെയിറ്റിംഗ് ഷെഡിന് മുന്നിലേക്ക് ബസ് സ്റ്റോപ്പ് മാറ്റും.
പിറവം ടൗണിൽ ശരിയായ പാർക്കിംഗ് സംവിധാനം ഇല്ലാത്തതും ഗതാഗത കുരുക്കും വലിയ പ്രതിസന്ധിയാണ് വ്യാപാരികൾക്ക് ഉണ്ടാക്കുന്നത്.
ബാബു പാണക്കാട്ട്
പ്രസിഡന്റ്
മർച്ചന്റ് അസോസിയേഷൻ
പിറവം.
പിറവത്തെ പുതിയ വ്യാപാര കേന്ദ്രങ്ങൾക്ക് മുന്നിലെ പാർക്കിംഗ് തടയും. ബന്ധപ്പെട്ട സ്ഥാപനമുടമകൾക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നൽകും.
അഡ്വ. ജൂലിസാബു
ചെയർ പേഴ്സൺ
പിറവം
നഗരസഭ