canal2

കൊച്ചി: കൊച്ചിയിലെ കനാലുകൾ നവീകരിച്ച് ഗതാഗതം, ജലകേളികൾ, ടൂറിസം എന്നിവ വികസിപ്പിച്ച് നഗരത്തിന്റെ മുഖച്ഛായ മാറ്റാനും നഗരവാസികളുടെ ജീവിതനിലവാരത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താനും 3716.10 കോടിയുടെ പദ്ധതി. അവഗണിക്കപ്പെട്ടതും മലിനവുമായ കനാലുകൾ വൃത്തിയാക്കി, ആഴംകൂട്ടി തീരങ്ങൾ മനോഹരമാക്കി വെനീസ്, ആംസ്റ്റർഡാം, സിംഗപ്പൂർ രീതിയിലേയ്ക്ക് മാറ്റുകയാണ് ലക്ഷ്യം. ഇന്റഗ്രേറ്റഡ് അർബൻ റീജനെറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം പദ്ധതിയാണ് നടപ്പാക്കുന്നത്. കിഫ്ബി ധനസഹായത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കേരള വാട്ടർ അതോറിട്ടിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഇടപ്പള്ളിയിൽ ബോട്ടെത്തും


മുട്ടാർ മുതൽ ചിത്രപ്പുഴ വരെയുള്ള 11.50 കിലോമീറ്റർ ദൂരം ഗതാഗതയോഗ്യമാക്കി ബോട്ട് സർവീസ് ആരംഭിക്കും. പാടിവട്ടം പൈപ്പ്‌ലൈൻ പാലം മുതൽ വെണ്ണല വരെ കനാൽ സൗന്ദര്യവത്കരിച്ച് മിയാവാക്കി വനം നിർമ്മിക്കും. നടപ്പാതയും ബോട്ട് ജെട്ടിയും കായികവിനോദ സൗകര്യങ്ങളുമൊരുക്കും. മുട്ടാർ മുതൽ മരോട്ടിച്ചുവട് വരെ സ്ഥലമേറ്റെടുക്കാൻ പൊന്നുംവില നടപടികൾ ഉടൻ പൂർത്തിയാകും.

ചിലവന്നൂരിൽ ജലകേളി
വൈറ്റില-തേവര റൂട്ടിൽ വാട്ടർ മെട്രോ സർവീസ് തുടങ്ങുമ്പോൾ ചിലവന്നൂർ കനാലിലൂടെ എളംകുളം മെട്രോയുമായും ബന്ധിപ്പിക്കും. ചിലവന്നൂർ കനാൽ തീരം സൗന്ദര്യവത്കരിച്ച് ജലകേളി ഉൾപ്പെടെ ഒരുക്കും. കനാലിനു സമീപത്തെ ബണ്ട് റോഡ് പാലത്തിന്റെ പുനർനിർമാണം ആരംഭിച്ചു. ബണ്ട് റോഡ് പാലവും ചിലവന്നൂർ കനാൽ നീവകരണവും പൂർത്തിയാകുമ്പോൾ ടൂറിസം സാദ്ധ്യതകൾ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.
തേവര കനാലിലെ കല്ലുപാലം പുനർനിർമ്മാണം ആരംഭിച്ചു. മംഗളവനത്തിലെ കനാലിന്റെ ഡ്രെഡ്ജിംഗ് ആരംഭിക്കും. പേരണ്ടൂർ കനാലിന്റെ പുറമ്പോക്ക് നിർണയിക്കുന്ന സർവേ ആരംഭിച്ചു.

മാലിന്യം സംസ്‌കരിക്കും
പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിട്ടി മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കും. നഗരത്തിലെ മുഴുവൻ ടോയ്‌ലെറ്റ് മാലിന്യവും സംസ്‌കരിക്കാൻ 1,386 കോടി രൂപ ചെലവിൽ 500 കിലോമീറ്റർ മലിനജല ശൃംഖല നിർമ്മിക്കും. എളംകുളം, മുട്ടാർ എന്നിവിടങ്ങളിൽ ഓരോ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും സ്ഥാപിക്കും.
ശില്പശാല നാളെ
പദ്ധതി സംബന്ധിച്ച ബോധവത്കരണവും ശില്പശാലയും നാളെ വൈകിട്ട് 4.30ന് എറണാകുളം ടൗൺഹാളിൽ നടക്കും. മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പരിപാടിയിൽ മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, കെ. ബാബു, ജില്ലാ കളക്ടർ ജി. തുടങ്ങിയവർ പങ്കെടുക്കും.
പദ്ധതിയുടെ വിശദശാംശങ്ങൾ അവതരിപ്പിക്കും. നഗരവാസികൾക്ക് അഭിപ്രായം അറിയിക്കാനും ചർച്ച ചെയ്യാനും അവസരമുണ്ടാകുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.

കനാലുകൾ

പേരണ്ടൂർ

 ചിലവന്നൂർ

 ഇടപ്പള്ളി

തേവര

കോന്തുരുത്തി

മാർക്കറ്റ്