krv-shopping-complex-
കെ.ആർ. വിജയൻ മെമ്മോറിയിൽ ഷോപ്പിംഗ് കോംപ്ളക്സ്

പറവൂർ: പറവൂർ നഗരസഭയുടെ നമ്പൂരിയച്ചൻ ആലിന് സമീപത്തുള്ള കെ.ആർ. വിജയൻ മെമ്മോറിയിൽ ഷോപ്പിംഗ് കോംപ്ളക്സിന്റെ അവസ്ഥ ഒരോദിവസവും കഴിയുന്തോറും കൂടുതൽ ദയനീയമാകുന്നു. സെപ്റ്റിക് ടാങ്ക് പൊട്ടി ഒലിക്കുന്നതും മാലിന്യങ്ങൾ നിറയുന്നതും കച്ചവടസ്ഥപനങ്ങളുടെ നിലനിലനിൽപ്പിനെ ബാധിക്കുന്നു. നഗരസഭക്ക് നല്ലൊരു വരുമാനം ലഭിക്കുന്ന ഈ കോംപ്ളക്സിൽ ശുചീകരണവും അറ്റകുറ്റപ്പണികളും വേണ്ടവിധത്തിൽ നടത്തുന്നില്ല. നിരവധി പരാതികൾ നൽകിയിട്ടും നഗരസഭ നടപടികളൊന്നും സ്വീകരിക്കുന്നല്ലെന്നാണ് വ്യാപാരികളുടെ ആക്ഷേപം.

കോപ്ളക്സിന്റെ തെക്കുഭാഗത്തുള്ള സെപ്റ്റിക് ടാങ്ക് ഏതാനും മാസങ്ങൾക്ക് മുമ്പ് നന്നാക്കിയതാണ്. എന്നാൽ ടാങ്കിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. സെപ്റ്റിക് ടാങ്കിന് സമീപം ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. മലിനജലം കെട്ടികിടക്കുന്നത് ഹോട്ടലിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മലിനജലം കനാൽ റോഡിലേക്ക് ഒലിച്ച് ഇറങ്ങുന്ന അവസ്ഥയാണ് ഇപ്പോളുള്ളത്.

അനാഥമായ ജനറേറ്റർ

കോംപ്ളക്സിന്റെ മുകളിലെ നിലയിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ടവറിന്റെ പ്രവർത്തനത്തിനായി കിഴക്ക് ഭാഗത്ത് ജനറേറ്റർ സ്ഥാപിച്ചിരുന്നു. പതിനഞ്ച് വർഷം മുമ്പ് ടവറിന്റെ പ്രവർത്തനം നിറുത്തിയെങ്കിലും ജനറേറ്റർ ഇവിടെ നിന്ന് നീക്കം ചെയ്തിട്ടില്ല. ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നത് വലിയൊരു ഷെഡിലാണ്. ജനറേറ്റർ ഷെഡ് പൊളിച്ചുമാറ്റിയാൽ കോപ്ളക്സിന് ചുറ്റും വാഹനങ്ങൾ കടന്നുപോകാനും ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാനും സാധിക്കും. കോംപ്ളക്സ് നിർമ്മിച്ച സമയത്തുള്ള രൂപകല്പന ഈ രീതിയിലാണുള്ളത്.

മാലിന്യം തള്ളുന്നു

കോംപ്ളസിന്റെ മുന്നിലെ പാർക്കിംഗ് ഏരിയയിൽ മാലിന്യം തള്ളുന്നത് പതിവ്. പ്ളാസ്റ്റിക് കവറുകളും ഭക്ഷണ അവശിഷ്ടങ്ങളും കാണാം. കോംപ്ളക്സിന്റെ രണ്ട് ഭാഗത്തുള്ള കാനയിൽ മാലിന്യം നിറഞ്ഞു കിടക്കുന്നു. കോംപ്ളക്സ് പരിസരത്ത് ദുർഗന്ധം മൂലം മൂക്ക് പൊത്തി നടക്കേണ്ടേ അവസ്ഥ.

സാമൂഹ്യ വിരുദ്ധശല്യം

കോംപ്ലക്സ് പരിസരത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷം. പകലെന്നോ രാത്രിയെന്നോ നോക്കാതെ ഒരുകൂട്ടം യുവാക്കളാണ് ഇവിടെ തമ്പടിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർക്കും സന്ദർശകർക്കും ഇവർ ശല്യമാകുന്നുണ്ട്. അർദ്ധരാത്രി വരെ കെട്ടിടത്തിന്റെ ചവിട്ടുപടികളിൽ കൂട്ടംകൂടി ഇരുന്നുള്ള ലഹരി ഉപയോഗവും പതിവാണ്. പകൽ സമയത്ത് കോംപ്ളക്സിന്റെ പരിസരത്ത് കൂട്ടംകൂടിനിന്നാണ് പുകവലി. വനിതാ അഭിഭാഷകരടക്കം ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.

നഗരത്തിലെ പ്രധാന റോഡുകളിലൊന്നാണ് കനാൽ റോഡ്. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് റോഡിലേക്ക് വരുന്നത് കാൽനടക്കാർക്കും സമീപത്തുള്ളവർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നു. എത്രയും വേഗം സെപ്റ്റിക് ടാങ്കിന്റെ ചോർച്ച പരിഹരിക്കണം

അഡ്വ. റാഫേൽ ആന്റണി,

പ്രസിഡന്റ്, കനാൽ റോഡ്

റസിഡന്റ്സ് അസോസിയേഷൻ