manpathram-

ആലുവ: കളിമണ്ണ് ശേഖരിക്കുന്നതിന് സർക്കാർ നിയന്ത്രണം കടുപ്പിച്ചതോടെ പരമ്പരാഗത മൺപാത്ര നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലായി. ജില്ലയിൽ കളിമണ്ണ് ലഭിക്കുന്ന ധാരാളം പാടശേഖരങ്ങൾ ഉണ്ടായിട്ടും ഖനനാനുമതി ലഭിക്കുന്നില്ലെന്നാണ് പരാതി. റവന്യൂ, ജിയോളജി, പൊലീസ് വകുപ്പുകളാണ് നിയമങ്ങളുടെ പേരിൽ തൊഴിലാളികളെ കുരുക്കിലാക്കുന്നതെന്നാണ് ആക്ഷേപം.

തൊഴിൽ കാർഡുള്ള തൊഴിലാളിക്ക് പ്രതിവർഷം 50 ടൺ കളിമണ്ണ് ഖനനം ചെയ്ത് തൊഴിലിടങ്ങളിലേക്ക് കൊണ്ടുപോകാം. ഇതിന് മറ്റ് നിയമങ്ങൾ ബാധകമല്ലെന്ന 2015ലെ ഉത്തരവ് നിലനിൽക്കുമ്പോഴും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി വേണമെന്നാണ് പൊലീസ് പറയുന്നത്.

മൺപാത്ര നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് പരമ്പരാഗത മൺപാത്ര കുടിൽ വ്യവസായത്തെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളി സംഘടന ആവശ്യപ്പെട്ടു. അഖില ഭാരതീയ പ്രജാപതി മഹാസംഘം സംസ്ഥാന അദ്ധ്യക്ഷൻ സി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. സെക്രട്ടറി സുരേഷ് തൃക്കാക്കര നെടുവത്തൂർ ചന്ദ്രശേഖരൻ, പ്രകാശ് വിളങ്ങറ, ഗോപി തമ്പി, അജിതാ തങ്കപ്പൻ എന്നിവർ സംസാരിച്ചു.

തൊഴിലുപേക്ഷിച്ച് പരമ്പരാഗത തൊഴിലാളികൾ

തണ്ണീർത്തട സംരക്ഷണ നിയമം ബാധകമായതോടെയാണ് നൂറുകണകണക്കിന് മൺപാത്ര നിർമ്മാണ തൊഴിലാളി കുടുംബങ്ങൾ പ്രതിസന്ധിയിലായത്. ചെലവ് ഇരട്ടിയായതിനൊപ്പം വിലയും കൂടി. സംസ്ഥാനത്ത് കളി മണ്ണ് ഖനനത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് വരെ കളിമണ്ണ് എത്തിക്കുകയാണ്. ഇതുമൂലം ചെലവ് ഇരട്ടിയാകുന്നത് ഉത്പന്നങ്ങളുടെ വിലയും വർദ്ധിക്കാൻ കാരണമാണ്. നാട്ടിൽ ചെളി ഖനനം ചെയ്യുന്നതിന് നിയന്ത്രണം വന്നതോടെ നിരവധി പരമ്പരാഗത തൊഴിലാളികൾ ജോലി തന്നെ ഉപേക്ഷിച്ച അവസ്ഥയാണ്.

കളിമണ്ണിന്റെ ലഭ്യത കുറവ് മൂലം ഇക്കുറി ഓണത്തപ്പനും വിലയേറും. കളിമണ്ണിലാണ് ഓണത്തപ്പനെ ഉണ്ടാക്കുന്നത്. കളിമണ്ണ് കിട്ടാതായതോടെ പാഴ്‌മരങ്ങളിൽ ഓണത്തപ്പനെ ഉണ്ടാക്കി നിറം അടിച്ച് ഉപയോഗിക്കുന്നവരുടെ എണ്ണവും ഏറുകയാണ്.

കളിമണ്ണ് ലഭിക്കാതായതോടെ മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കൊപ്പം ഓട് വ്യവസായവും കടുത്ത പ്രതിസന്ധിയിലാണ്. കോൺക്രീറ്റ് കെട്ടിടങ്ങളേക്കാൾ പരിസ്ഥിതിക്ക് ഇണങ്ങുന്നത് ഓട് ഉപയോഗിച്ചുള്ള കെട്ടിടമാണ്. എന്നിട്ടും കളിമണ്ണ് ഖനനത്തിന് സർക്കാർ അനുമതി നൽകുന്നില്ല. ഇക്കാര്യത്തിൽ പുന:പരിശോധന ആവശ്യമാണ്.

പി.എ. ഷാജഹാൻ

പ്രസിഡന്റ്

കീഴ്മാട് ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘം