comfort-sration

കോതമംഗലം: കോതമംഗലം ടൗൺ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം പലപ്പോഴും തടസപ്പെടുന്നത് സ്ത്രീകളടക്കമുള്ള യാത്രക്കാരെ വലയ്ക്കുന്നു. വെള്ളം ഇല്ലാത്തതിന്റെ പേരിൽ പലപ്പോഴും അടച്ചിടുകയാണ് കംഫർട്ട് സ്റ്റേഷൻ. വാട്ടർ അതോറിട്ടിയുടെ പൈപ്പ് കണക്ഷനാണ് ഇവിടെ വെള്ളത്തിനായി ഉപയോഗിക്കുന്നത്. കംഫർട്ട് സ്റ്റേഷൻ അടഞ്ഞുകിടക്കുമ്പോൾ യാത്രക്കാർ പ്രാഥമികാവശ്യത്തിനായി ആശ്രയിക്കുന്നത് സമീപത്തെ ഹോട്ടലുകളേയും ആശുപത്രികളേയുമാണ്. വിദൂര സ്ഥലങ്ങളിൽ നിന്ന് മണിക്കൂറുകളോളം യാത്ര ചെയ്ത് എത്തുന്നവരാണ് ഇങ്ങനെ അലയേണ്ടിവരുന്നത്.

കംഫർട്ട് സ്റ്റേഷന്റെ പരിസരത്ത് കടുത്ത ദുർഗന്ധവും ഉയരുന്നുണ്ട്. ഇതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ആവശ്യത്തിന് വെള്ളമില്ലാതെ ഉപയോഗിക്കുന്നതാണ് ദുർഗന്ധത്തിന് കാരണമാകുന്നത്. ദിവസങ്ങളേറെയായിട്ടും കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം സുഗമമാക്കാൻ മുനിസിപ്പൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട് .ഈ കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം മുമ്പും പരാതിക്കിടയാക്കിയിട്ടുള്ളതാണ്. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം പുതിയ കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണം നടന്നുവരികയാണ്. മാസങ്ങളേറെയായിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ഹൈറേഞ്ചിലെ യാത്രക്കാരുടെ ഇടത്താവളമാണ് കോതമംഗലം. മണിക്കൂറുകളോളം യാത്ര ചെയ്ത് എത്തുന്ന യാത്രക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടിയാണ് സ്റ്റാൻഡിൽ ഇറങ്ങുന്നത്. അതിനുള്ള സൗകര്യമില്ലാത്തത് കോതമംഗലത്തിന് നാണക്കേടാണ്. അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ സമരം സംഘടിപ്പിക്കും

സാബു കുരിശിങ്കൽ

പൊതുപ്രവർത്തകൻ